News

തെലുങ്കാനയിൽ ബൈബിൾ അഗ്നിക്കിരയാക്കിയ സംഭവം: സമാധാന റാലിയുമായി ക്രൈസ്തവർ

സ്വന്തം ലേഖകന്‍ 06-02-2018 - Tuesday

ഹൈദരാബാദ്: തെലുങ്കാന നാഗർ കുർനൂൾ ജില്ലയിൽ സിങ്കവത്നാം ഗ്രാമത്തിൽ ബൈബിൾ അഗ്നിക്കിരയാക്കിയ സംഭവത്തിൽ സമാധാന റാലിയുമായി ക്രൈസ്തവർ. നേരത്തെ ബൈബിൾ വിതരണം നടത്തി എന്ന കാരണത്താൽ ആക്രമിക്കപ്പെട്ട മിഷ്ണറിമാരിൽ നിന്നും പിടിച്ചെടുത്ത വിശുദ്ധ ഗ്രന്ഥത്തിന്റെ കോപ്പികളാണ് അജ്ഞാത സംഘം കത്തിച്ചത്. വിശുദ്ധ ഗ്രന്ഥം കത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ ക്രൈസ്തവ ന്യൂനപക്ഷ വെൽഫയർ അസോസിയേഷൻ പ്രതിനിധികൾ ഖേദം രേഖപ്പെടുത്തി.

അസോസിയേഷൻ പ്രതിനിധികളുടെ നേതൃത്വത്തിൽ പവലിയൻ ഗ്രൗണ്ട് മുതൽ ധർണ ചൗക്ക് വരെയാണ് പ്രതിഷേധ റാലി നടന്നത്. റാലിക്കു ശേഷം ജില്ലാ കളക്ടർ ഡി.എസ് ലോകേഷ് കുമാറിന് പ്രസ്തുത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നിവേദനവും കൈമാറിയിട്ടുണ്ട്. സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കാൻ അധികാരികൾ ശ്രമിക്കുന്നുവെങ്കിലും സാമൂഹ്യവിരുദ്ധരായ ഒരു കൂട്ടം ആളുകളാണ് മതസൗഹാർദം തകർക്കുന്നതിന് പിന്നിലെന്ന് അസോസിയേഷൻ സെക്രട്ടറി ഡോ. ശേഖർ ബാബു അഭിപ്രായപ്പെട്ടു. ഇത്തരം അനിഷ്ഠ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കുറ്റവാളികളെ നിയമാനുസൃതമായി ശിക്ഷിക്കണം. സംസ്ഥാനത്തുടനീളം ക്രൈസ്തവർക്കും ദേവാലയങ്ങൾക്കും സംരക്ഷണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അക്രമത്തിൽ പ്രതിഷേധിച്ചു രാഷ്ട്രീയ പ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്. അക്രമണങ്ങളുടെ ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ച് കുറ്റവാളികളെ കണ്ടെത്തണമെന്നു ആവശ്യം എ.ഐ.എം.ഐ.എം അക്ബറുദ്ദീൻ ഒവൈസി ഡി.ജി.പിയെ കത്ത് മുഖേന അറിയിച്ചു. രാജ്യത്തെ മതസൗഹാർദം ഭരണഘടനയുടെ പ്രഥമ ലക്ഷ്യമാണ്. സമാധാനപരമായ അന്തരീക്ഷം നിലനിർത്തുവാൻ ഭരണഘടന അനുശാസിക്കുന്നു. എന്നാൽ, മതന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഖേദകരമാണ്. സിദ്ധിപേട്ട് ജില്ലയിലെ തൊഗോത്ത മണ്ടൽ ദേവാലയവും കഴിഞ്ഞ ആഴ്ച നാശനഷ്ടങ്ങൾക്കിരയാക്കിയിരുന്നു.

ഫെബ്രുവരി ഒന്നിന് സുവിശേഷ പ്രഘോഷകനായ ഇമ്മാനുവേലിനു നേരെയും അക്രമികൾ ഭീഷണിപ്പെടുത്തി. ചെറുതും വലുതുമായ ഇത്തരം സംഭവങ്ങൾ ആഗോളതലത്തിൽ ഇന്ത്യയിൽ ക്രൈസ്തവർ സുരക്ഷിതരല്ലെന്ന സന്ദേശം പരത്തുമെന്ന ആശങ്കയും അക്ബറുദീൻ എം.എൽ.എ കത്തിൽ പങ്കുവെച്ചു. എല്ലാ മതങ്ങൾക്കും സുരക്ഷ ഉറപ്പുവരുത്താൻ അക്രമികളെ മാധ്യമങ്ങൾക്ക് മുന്നിൽ കൊണ്ട് വന്ന് ശിക്ഷ വാങ്ങി കൊടുക്കണമെന്നും കത്തിൽ പറയുന്നു. ആഭ്യന്തര മന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും കത്തിന്റെ പകർപ്പുകൾ നല്കിയതായും എം.എൽ.എ വ്യക്തമാക്കി. അതേസമയം സംഭവത്തിനു പിന്നിൽ തീവ്ര ഹിന്ദുത്വവാദികളാണെന്നാണ് റിപ്പോർട്ട്.

More Archives >>

Page 1 of 281