News

ഐ‌എസിന് ശേഷം ഷിയാ ഇസ്ളാമിക പോരാളികള്‍; ഇറാഖി ക്രൈസ്തവരുടെ നിലനില്‍പ്പ് ഇപ്പോഴും ചോദ്യചിഹ്നം

സ്വന്തം ലേഖകന്‍ 06-02-2018 - Tuesday

ഇര്‍ബില്‍: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ ബലക്ഷയത്തിന് ശേഷം രാജ്യത്തേക്ക് മടങ്ങിവരുന്ന ക്രൈസ്തവര്‍ക്ക് നേരെ ആക്രമണവുമായി ഇറാന്റെ പിന്തുണയുള്ള ഷിയാ മുസ്ലീം സംഘടന 'ഹഷ്ദ്-അ-ഷാബി'. ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളില്‍ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ കുറവ് വരുത്തുകയാണ് ഇവരുടെ ലക്ഷ്യമെന്ന്‍ പറയപ്പെടുന്നു. ഇസ്ളാമിക പോരാളികള്‍ തങ്ങളുടെ അവകാശങ്ങളെ ഹനിക്കുകയും ആക്രമിക്കുകയും ചെയ്യുന്നതായി വടക്കന്‍ ഇറാഖിലെ നിനവേ മേഖലയിലെ ക്രിസ്ത്യാനികള്‍ വെളിപ്പെടുത്തി. ഇക്കഴിഞ്ഞ ശനിയാഴ്ച കുര്‍ദ്ദിസ്ഥാന്‍ മേഖലയിലെ ക്രിസ്റ്റ്യന്‍ അഫയേഴ്സിന്റെ ഡയറക്ടര്‍ ജെനറലായ ജമാല്‍ ടാലിയയാണ് ക്രൈസ്തവരുടെ നിസ്സഹായവസ്ഥ മാധ്യമങ്ങളെ അറിയിച്ചത്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ പരാജയത്തിനു ശേഷവും ഹഷ്ദ്-അ-ഷാബി ഉയര്‍ത്തുന്ന ഭീഷണിയും, അവകാശ ലംഘനങ്ങളും കാരണം പലായനം ചെയ്ത ഭൂരിഭാഗം ക്രിസ്ത്യാനികളും സ്വദേശത്തേക്ക് മടങ്ങിവരുവാന്‍ ഭയപ്പെടുന്നതായി ജമാല്‍ ടാലിയ പറഞ്ഞു. പ്രശ്നബാധിത മേഖലകള്‍ സൈന്യത്തിന്റെ കീഴിലായെങ്കിലും ഷിയാ പോരാളിസംഘടനകള്‍ ക്രിസ്ത്യാനികളെ അപമാനിക്കുന്നതും, ആക്രമിക്കുന്നതും സര്‍വ്വ സാധാരണമായികൊണ്ടിരിക്കുകയാണ്. നിനവേ മേഖലയിലെ ക്രിസ്ത്യാനികളില്‍ 50 ശതമാനത്തോളം പേര്‍ തിരികെവന്നുവെന്നാണ് ഔദ്യോഗിക അനുമാനം.

ഈ സാഹചര്യത്തിലാണ് അക്രമണം രൂക്ഷമാകുന്നതെന്നതും ശ്രദ്ധേയമാണ്. ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളില്‍ ജനസംഖ്യയില്‍ മാറ്റം വരുത്തുവാന്‍ ശ്രമിക്കുന്ന ചിലവിഭാഗങ്ങള്‍ ഹഷ്ദ്-അ-ഷാബി സംഘടനയില്‍ സജീവമാണെന്നും തങ്ങളുടെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വവും, ഭയവും കാരണം ഭൂരിഭാഗം ക്രിസ്ത്യാനികളും ഇറാഖിന് പുറത്തുതന്നെ തുടരുകയാണെന്നും നിനവേ മേഖലയിലെ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ ഗണ്യമായ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും ജമാല്‍ ടാലിയ കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണത്തിനു മുന്‍പ് നിനവേയില്‍ 1,40,000 ത്തോളം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നതായാണ് ഔദ്യോഗിക കണക്കുകള്‍.

തീവ്രവാദി സംഘടനകളുടെ ആക്രമണം കാരണം ആയിരകണക്കിന് ക്രൈസ്തവ വിശ്വാസികളാണ് കുര്‍ദ്ദിസ്ഥാനിലേക്ക് പലായനം ചെയ്തത്. ഒരുലക്ഷത്തോളം ക്രൈസ്തവ വിശ്വാസികളാണ് ലെബനന്‍, ജോര്‍ദ്ദാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലേക്ക് പോയത്. ഇപ്പോള്‍ മടങ്ങിയെത്തുന്ന ക്രൈസ്തവര്‍ക്ക് നേരെയും ആക്രമണം തുടരുകയാണ്. തിരികെ വരുന്ന ക്രൈസ്തവരെ മടക്കി അയച്ചു ക്രൈസ്തവ ഭൂരിപക്ഷ മേഖലകളും സ്വന്തമാക്കുവാനാണ് ഇസ്ളാമിക സംഘടനകളുടെ നീക്കമെന്ന ആരോപണം നേരത്തെയും ഉയര്‍ന്നിരിന്നു.

More Archives >>

Page 1 of 282