News - 2025
തുര്‍ക്കിയില്‍ 1500 വര്‍ഷം പഴക്കമുള്ള പുരാതന ദേവാലയം കണ്ടെത്തി
സ്വന്തം ലേഖകന്‍ 07-02-2018 - Wednesday
കാരാബുക്ക്: തുര്‍ക്കിയിലെ കരിങ്കടലിന് സമീപമുള്ള കാരാബുക്ക് പ്രവിശ്യയില്‍ ആയിരത്തി അഞ്ഞൂറോളം വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ ദേവാലയത്തിന്റെ അവശേഷിപ്പുകള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ക്രിസ്തുവിന് ശേഷം ഒന്നാം നൂറ്റാണ്ടുമുതല്‍ എട്ടാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന ഹഡ്രിയാനപോളിസ് എന്ന പുരാതനനഗരത്തെക്കുറിച്ചറിയുവാന്‍ വേണ്ടി നടത്തിയ ഉദ്ഘനനത്തിലാണ് ഏതാണ്ട് 20 മീറ്ററോളം നീളമുള്ള ദേവാലയത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തിയത്. ആദിമ ക്രിസ്ത്യാനികളുടെ തീര്‍ത്ഥാടനപാതയിലാണ് പുരാതനമായ ഈ ദേവാലയം സ്ഥിതിചെയ്തിരുന്നതെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. കാരാബുക്ക് സര്‍വ്വകലാശാലയിലെ പുരാവസ്തു ഗവേഷകനായ എര്‍സിന്‍ സെലിക്ബാസാണ് കണ്ടുപിടിത്തത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
അഞ്ചാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തിലുണ്ടായിരുന്ന ദേവാലയമാണിതെന്ന്‍ അദ്ദേഹം പറഞ്ഞു. ഇക്കാലയളവില്‍ ക്രൈസ്തവര്‍ അംസാര തുറമുഖത്തെത്തുകയും അഡ്രിയാനപോളിസ് സന്ദര്‍ശിക്കുകയും, പിന്നീട് വാണീജ്യാവശ്യങ്ങള്‍ക്കായി ഇസ്താംബൂളിലേക്ക് പോവുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറയുന്നു. മേഖലയില്‍ കഴിഞ്ഞ 15 വര്‍ഷമായി നടന്നുവരുന്ന ഉദ്ഘനനത്തില്‍ ഇതുവരെ രണ്ട് ദേവാലയങ്ങള്‍, രണ്ട് പൊതു സ്നാനസ്ഥലങ്ങള്‍, ഒരു തിയേറ്റര്‍, പാറകൊണ്ടുള്ള ശവകുടീരം തുടങ്ങിയവ കണ്ടെത്തിയിട്ടുണ്ട്. വിജാതീയ ക്ഷേത്രമിരുന്ന സ്ഥലത്ത് വിശുദ്ധ രക്തസാക്ഷിയായ യൂഫേമിയയുടെ നാമധേയത്തില്‍ ദേവാലയം പണികഴിപ്പിച്ചുവെന്ന് ഓര്‍ത്തഡോക്സ് ചരിത്ര രേഖകളില്‍ കാണുന്നു.
ദേവാലയത്തിനരികിലായി വിജാതീയ ശവകുടീരമിരുന്ന സ്ഥലത്ത് വിശുദ്ധന്‍ ഒരു സ്തൂപം പണികഴിപ്പിക്കുകയും, 53 വര്‍ഷങ്ങളോളം ആ സ്തൂപത്തിനരികെ ഇരുന്നുകൊണ്ട് പ്രാര്‍ത്ഥിക്കുകയും തന്റെ പക്കല്‍ വരുന്നവര്‍ക്ക് പ്രബോധനങ്ങള്‍ നല്‍കുകയും ചെയ്തുവെന്നും രേഖയിലുണ്ട്. അനാട്ടോളിയായിലെ ഏറ്റവും പഴക്കമുള്ള ദേവാലയങ്ങളില്‍ ഒന്നാണിതെന്നാണ് കരുതപ്പെടുന്നത്. ആദിമ ക്രിസ്ത്യാനികളുടെ ചരിത്രവും, ജീവിതവും, ആരാധനയും എപ്രകാരമായിരുന്നുവെന്ന് മനസ്സിലാക്കുവാന്‍ ഈ കണ്ടെത്തല്‍ വഴി കഴിയുമെന്ന പ്രതീക്ഷയിലാണ് പുരാവസ്തുഗവേഷകര്‍. ക്രൈസ്തവരുടെ പുരാതന ചരിത്രത്തെക്കുറിച്ചറിയുന്നതിന് അടുത്തയാഴ്ച വീണ്ടും ഉദ്ഘനനങ്ങള്‍ പുനരാരംഭിക്കുവാനാണ് ഗവേഷകര്‍ പദ്ധതിയിട്ടിരിക്കുന്നത്.