News - 2025

മെക്സിക്കോയില്‍ വീണ്ടും വൈദിക നരഹത്യ; 2 വൈദികര്‍ കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍ 07-02-2018 - Wednesday

മെക്സിക്കോ സിറ്റി: ലാറ്റിൻ അമേരിക്കൻ രാജ്യമായ മെക്സിക്കോയില്‍ വൈദിക നരഹത്യ വീണ്ടും ആവര്‍ത്തിക്കുന്നു. ഇന്നലെ നടന്ന വെടിവെയ്പ്പിൽ അകപുൽകോ രൂപതയിലെ രണ്ടു വൈദികരാണ് കൊല്ലപ്പെട്ടത്. ലാസ് വീഗാസിലും മെസ്കാലയിലും പുരോഹിതരായി സേവനമനുഷ്ഠിച്ചു കൊണ്ടിരിന്ന ഫാ. ഇവാൻ അനോർവ് ജെയിംസ് (37), ഫാ. മുനിസ് ഗ്രേഷ്യ (39) എന്നിവരാണ് അജ്ഞാത സംഘത്തിന്റെ വെടിവെയ്പ്പില്‍ വധിക്കപ്പെട്ടത്. യേശുവിനെ ദേവാലയത്തിൽ സമർപ്പിച്ചതിന്റെ അനുസ്മരണത്തിലും ധ്യാന ശുശ്രൂഷയിലും പങ്കെടുത്ത് ജൂലിയന്തയിൽ നിന്നും തിരിച്ച് വരികയായിരുന്ന വൈദിക സംഘത്തിന് നേരെ വാഹനത്തിലെത്തിയ ആക്രമികൾ നിറയൊഴിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

സംഭവം നടന്നതിന്റെ സമീപത്ത് നിന്നും മിലിട്ടറി ആയുധങ്ങൾ ഘടിപ്പിച്ച ഒരു വാനും കണ്ടെത്തി. ആക്രമികൾ വാഹനം മോഷ്ടിച്ചതാണെന്നാണ് പോലീസ് റിപ്പോർട്ട്. സന്യസ്ഥര്‍ക്ക് നേരെ ആക്രമണങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ വൈദികരുടെ സുരക്ഷ അധികാരികൾ ഉറപ്പുവരുത്തണമെന്ന് ചിൽപാൻസിങ്കോ-ചിലാപ്പ രൂപത വക്താവ് ബെനിറ്റോ സ്യൂയൻസ ആവശ്യപ്പെട്ടു. ഇത്തരം അനിഷ്ട സംഭവങ്ങൾ വേദകരമാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

വൈദികരുടെ മരണത്തിന് ഉത്തരവാദികളായവരുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കണമെന്ന് അകപുൽകോ അതിരൂപത വിശ്വാസികളോട് ആഹ്വാനം ചെയ്തു. മനുഷ്യ ജീവനെ ബഹുമാനിക്കാനും ദൈവീക ദാനമായ ജീവനെ പരിപോഷിപ്പിക്കാനും ഇടയാകണമെന്നും കുടുംബത്തിനും സമൂഹത്തിനും വേദനയും ദുരിതവും മാത്രം സമ്മാനിക്കുന്ന കൊലപാതക പരമ്പരകൾക്ക് അവസാനം ഉണ്ടാകണമെന്നും അതിരൂപതയുടെ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തിനിടയിൽ മെക്സികോയിൽ മാത്രം അറുപതോളം വൈദികര്‍ വ്യക്തമായ കാരണങ്ങളില്ലാതെ വധിക്കപ്പെട്ടെന്നാണ് ചർച്ച് ഇൻ നീഡ് പൊന്തിഫിക്കൽ ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട്. ഇതില്‍ ഇരുപത്തിയൊന്ന് പേർ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ കൊല്ലപ്പെട്ടുവെന്ന വസ്തുത മെക്സികോയിലെ ക്രൈസ്തവ പീഡനങ്ങളുടെ തീവ്രത വ്യക്തമാക്കുന്നു. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ വൈദികർക്കു നേരെയുള്ള ആക്രമണങ്ങള്‍ വ്യാപകമായി നടക്കുന്നത് മെക്സിക്കോയിലാണെന്ന് കത്തോലിക്ക മൾട്ടിമീഡിയ സെന്റർ അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിരിന്നു.

More Archives >>

Page 1 of 282