News - 2025
സമര്‍പ്പിത ജീവിതം ജനിക്കുന്നത് യേശുവുമായുള്ള കണ്ടുമുട്ടലിലൂടെ: ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 07-02-2018 - Wednesday
വത്തിക്കാന്‍ സിറ്റി: സമര്‍പ്പിത ജീവിതം ജനിക്കുന്നത് ദരിദ്രനും, കളങ്കമില്ലാത്തവനുമായ യേശുവുമായുള്ള കണ്ടുമുട്ടലിലൂടെയാണെന്നു ഫ്രാന്‍സിസ് പാപ്പ. യേശുവിനെ ദേവാലയത്തില്‍ കാഴ്ചയര്‍പ്പിച്ചതിന്‍റെ അനുസ്മരണ ആചരിക്കുന്ന തിരുനാള്‍ ദിനത്തില്‍ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. സമര്‍പ്പിതജീവിതത്തില്‍ ദൈവവുമായുള്ള കണ്ടുമുട്ടല്‍ നവീകരിക്കുന്നതിന് അപരരെ ക്കൂടാതെ കഴിയുകയില്ലായെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
സമര്‍പ്പിതജീവിതം ജനിക്കുന്നതു ദരിദ്രനും, കളങ്കമില്ലാത്തവനും അനുസരണയുള്ളവനുമായ യേശുവുമായുള്ള കണ്ടുമുട്ടലിലൂടെയാണ്. ഈലോക ജീവിതം, സ്വാര്‍ഥപൂര്‍ണമായ സന്തോഷങ്ങളുടെയും തൃഷ്ണകളുടെയും പിന്നാലെ പായുന്നു. എന്നാല്‍, സമര്‍പ്പിതജീവിതം പൂര്‍ണമായി ദൈവത്തോടും മറ്റു മനുഷ്യരോടുമുള്ള സ്നേഹത്തിനായി, സ്വന്തബന്ധങ്ങളുടെ കെട്ടുപാടുകളില്‍ നിന്ന് നമ്മെ മോചിക്കുന്നു. ഈലോകജീവിതം നമ്മുടെ ആഗ്രഹങ്ങളെ ലക്ഷ്യം വയ്ക്കുന്നു. സമര്‍പ്പിതജീവിതം, വിനയമാര്‍ന്ന അനുസരണത്തിന്‍റെ, ഉപരിയായ സ്വാതന്ത്ര്യം തെരഞ്ഞെടുക്കുന്നു.
ഇതിന് സമാനമായി ഇഹലോകജീവിതം, നമ്മുടെ കരങ്ങളെയും ഹൃദയങ്ങളെയും ശൂന്യമാക്കുമ്പോള്‍, യേശുവിലുള്ള ജീവിതം, അവസാനം നമ്മെ സമാധാനത്താല്‍ നിറയ്ക്കുന്നു. നമ്മുടെ ആത്മീയജീവിതത്തിന്‍റെ രഹസ്യം യേശുവിനെ കണ്ടുമുട്ടുകയെന്നതും അവിടുന്നു നമ്മെ കണ്ടുമുട്ടാനനുവദിക്കുക എന്നതുമാണ്. അല്ലെങ്കില്‍, വഴക്കമില്ലാത്ത ഒരു ജീവിതത്തിലേയ്ക്ക് നാം വീണുപോകും. അവിടെ അതൃപ്തിയുടെ ശബ്ദങ്ങളും, കയ്പേറിയതുമായ നിരാശകളും നമ്മെ കീഴടക്കും. യേശുവിനെ, നമ്മുടെ സഹോദരരിലും അനുദിന ജീവിത സംഭവങ്ങളിലും നാം കണ്ടുമുട്ടുകയാണെങ്കില്‍ അത് നമ്മുക്ക് സമാധാനം പ്രദാനം ചെയ്യുമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.