News - 2025
ഈജിപ്തിലെ 53 ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നിയമസാധുത
സ്വന്തം ലേഖകന്‍ 02-03-2018 - Friday
കെയ്റോ: ഈജിപ്തിലെ അന്‍പത്തിമൂന്നോളം ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നിയമസാധുത നല്‍കുവാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഈജിപ്ത് മന്ത്രിസഭ ഇക്കഴിഞ്ഞ ഫെബ്രുവരി 26 തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനയിലാണ് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും അതിനോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥനാ മന്ദിരങ്ങള്‍ക്കും നിയമസാധുത നല്‍കുവാനൊരുങ്ങുന്നതായി സര്‍ക്കാര്‍ അറിയിച്ചത്. ക്രിസ്ത്യന്‍ ആരാധനാലയങ്ങളുടെ നിര്‍മ്മാണത്തെ സംബന്ധിച്ച 2016 ഓഗസ്റ്റ് 30-ലെ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് നിര്‍മ്മിക്കപ്പെട്ട ദേവാലയങ്ങള്‍ക്കായിരിക്കും നിയമസാധുത ലഭിക്കുക.
അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഈ ദേവാലയങ്ങള്‍ക്ക് നിയമസാധുത നല്‍കത്തക്ക രീതിയില്‍ ഇക്കാര്യത്തെക്കുറിച്ച് വിശദമായി പഠിക്കുവാന്‍ ഉത്തരവിട്ടു കഴിഞ്ഞുവെന്ന് മന്ത്രിസഭ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. നിയമ സാധുത ലഭിച്ചു കഴിഞ്ഞാല്‍ ഈ ദേവാലയങ്ങള്‍ ആരാധനക്കായി തുറക്കുവാന്‍ സാധിക്കും. ഈജിപ്ത് പ്രധാനമന്ത്രി ഷെറീഫ് ഇസ്മായില്‍, നിര്‍മ്മാണ, ആഭ്യന്തര, നീതിന്യായ മന്ത്രാലയ പ്രതിനിധികളും, വിദഗ്ദരും ഇതിനെക്കുറിച്ച് ചര്‍ച്ചചെയ്യുവാനായി ഫെബ്രുവരി 26-ന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു.
സര്‍ക്കാര്‍ പഠിച്ചുകൊണ്ടിരിക്കുന്ന 3,000 ദേവാലയങ്ങളുടെ പട്ടികയില്‍ വരുന്ന ആദ്യഘട്ട ദേവാലയങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നിയമസാധുത ലഭിക്കുവാനിരിക്കുന്ന ഈ 53 ദേവാലയങ്ങള്‍. ഈജിപ്തിലെ മൊത്തം ജനസംഖ്യയുടെ പത്തുശതമാനത്തോളം ക്രിസ്ത്യാനികളാണെങ്കിലും രാജ്യത്തു ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള അനുവാദം നേടുക എന്നത് വളരെയേറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇക്കാരണത്താല്‍ തന്നെ പല ക്രിസ്ത്യന്‍ സമൂഹങ്ങളും നിയമപരമല്ലാത്ത കെട്ടിടങ്ങളിലായിരുന്നു ആരാധനകള്‍ നടത്തിവന്നിരുന്നത്. ഇതിനെചൊല്ലി നിരവധി സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്.
2016-ലെ നിയമനിര്‍മ്മാണത്തിന് മുന്‍പ് സ്കൂള്‍, കനാലുകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, റെയില്‍വേ മേഖലകള്‍ പാര്‍പ്പിട മേഖലകള്‍ തുടങ്ങിയ മേഖലകളില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ നിര്‍മ്മിക്കുക സാധ്യമല്ലായിരുന്നു. 2016-ല്‍ പുതിയനിയമം പാസ്സായതിനു ശേഷം നിയമത്തിന്റെ കീഴില്‍ വരുന്ന ദേവാലയങ്ങളെ കുറിച്ച് പരിശോധിക്കുവാന്‍ സ്ഥാപിതമായ അഡ്ഹോക്ക് കമ്മിറ്റി തങ്ങളുടെ കീഴിലുള്ള ദേവാലയങ്ങളുടെ വിവരങ്ങള്‍ 2017 സെപ്റ്റംബറോടെ നല്‍കുവാന്‍ വിവിധ സഭാനേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. പുതിയ നടപടി ഭവനങ്ങളിലും, അംഗീകാരമില്ലാത്ത കെട്ടിടങ്ങളിലും ആരാധനകള്‍ നടത്തിവന്നിരുന്ന ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്ക് ആശ്വാസം പകരും.