News - 2025
ആർച്ച് ബിഷപ്പ് റൊമേറോ ഉള്‍പ്പെടെ അഞ്ചുപേര്‍ വിശുദ്ധ പദവിയിലേക്ക്
സ്വന്തം ലേഖകന്‍ 08-03-2018 - Thursday
വത്തിക്കാന്‍ സിറ്റി: രക്തസാക്ഷിയായ ആർച്ച് ബിഷപ്പ് അർനുൾഫോ ഓസ്കർ റൊമേറോ ഉള്‍പ്പെടെ അഞ്ചോളം വാഴ്ത്തപ്പെട്ടവരെ വിശുദ്ധ പദവിയിലേക്കു ഉയര്‍ത്തുന്നതിനുള്ള നടപടിക്ക് വത്തിക്കാന്‍ അംഗീകാരം. വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പയുടെ വിശുദ്ധ പദവിയിലേക്കുള്ള നാമകരണത്തിനുള്ള ഡിക്രിയ്ക്കും ഫ്രാൻസിസ് മാര്‍പാപ്പ ഔദ്യോഗിക അംഗീകാരം നല്കി. ലാറ്റിനമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വഡോറിലെ സാന്‍ സാല്‍വഡോര്‍ അതിരൂപതാധ്യക്ഷനായിരുന്നു റൊമേനോ. 1980 മാര്‍ച്ച് 24ന് ദിവ്യബലി അര്പ്പിക്കുന്പോഴാണു ദേവാലയത്തില്‍ വച്ച് അക്രമികള്‍ അദ്ദേഹത്തെ വെടിവച്ചു വീഴ്ത്തിയത്.
ദരിദ്രരെ ചൂഷണം ചെയ്യുന്നതിനെതിരേ ഏറെ ശബ്ദിച്ചിരുന്നയാളാണ് ആര്‍ച്ച് ബിഷപ്പ് റൊമേറോ. സെസീലിയ മാരിബെല്‍ ഫ്ലോറസ് എന്ന ഗര്‍ഭിണിക്കുണ്ടായ രോഗശാന്തിയാണ് ആര്‍ച്ച് ബിഷപ്പ് റൊമേറോയുടെ മാധ്യസ്ഥതയില്‍ നടന്നതായി സ്ഥിരീകരിച്ചത്. 2015 മേയിൽ അദ്ദേഹത്തെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചിരുന്നു. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം ഈ വര്‍ഷാവസാനമോ അടുത്തവര്‍ഷം ആരംഭത്തിലോ നടക്കും.
പരിശുദ്ധ ദിവ്യകാരുണ്യാരാധനയുടെ സഹോദരികളുടെ സഭാസ്ഥാപകനായ രൂപതാ വൈദികന് ഫ്രാന്‍സിസ് സ്പിനേലി, വാഴ്ത്തപ്പെട്ട വിന്‍ചേന്‍സോ റൊമാനോ, പാവങ്ങള്‍ക്കായുള്ള ഈശോയുടെ ദാസികളുടെ സന്ന്യാസസഭയുടെ സ്ഥാപക വാഴ്ത്തപ്പെട്ട മരിയ കാസ്പര്‍ എന്നിവരെയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനു മാര്‍പാപ്പ അംഗീകാരം നല്കി. ഇവരെകൂടാതെ ആഗോളസഭയിലെ 7 ദൈവദാസരുടെ വീരോചിത പുണ്യങ്ങളും മാര്‍പാപ്പ ഇന്നലെ അംഗീകരിച്ചിട്ടുണ്ട്.