News - 2025
വെനിസ്വേലയില്‍ ഓസ്തിക്ക് കടുത്ത ക്ഷാമം
സ്വന്തം ലേഖകന്‍ 08-03-2018 - Thursday
കരക്കാസ്: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വെനിസ്വേല നേരിട്ടുകൊണ്ടിരിക്കുന്ന കടുത്ത ഭക്ഷ്യക്ഷാമത്തിന്റെ പ്രതിഫലനം ദേവാലയങ്ങളിലും ദൃശ്യമാകുന്നു. രാജ്യത്തെ ചില പ്രദേശങ്ങളില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് ആവശ്യമായ ഓസ്തിക്ക് കടുത്ത ക്ഷാമം നേരിടുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ആന്‍ഡെസ് സംസ്ഥാനത്തെ മെറിഡ നഗരത്തിലെ ചില ദേവാലയങ്ങളില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലെ അവസാന ഞായറാഴ്ചയിലെ വിശുദ്ധ കുര്‍ബാനയ്ക്കായി തിരുവോസ്തി ഉണ്ടായിരുന്നില്ലെന്ന് കൊളംബിയന്‍ മാധ്യമമായ ബ്ലൂ റേഡിയോ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് പ്രാദേശിക പുരോഹിതനായ ഫാ. എഡ്വാര്‍ഡ് മൊലിനായും രംഗത്തെത്തിയിട്ടുണ്ട്.
ഓസ്തി നിര്‍മ്മാണത്തിലെ പ്രധാന ഘടകമായ ഗോതമ്പ് പൊടിക്കുള്ള ക്ഷാമമാണ് ഓസ്തിയുടെ ലഭ്യത കുറവിനുള്ള കാരണം. വിശ്വാസികളില്‍ കഴിയുന്നവര്‍ വീടുകളില്‍ നിന്നും ഗോതമ്പ് പൊടി ഓസ്തി നിര്‍മ്മിക്കുന്ന മഠങ്ങളില്‍ എത്തിച്ചുകൊടുക്കണമെന്ന് ചില വൈദികര്‍ ഇതിനോടകം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഓസ്തിയുടെ കുറവ് പരിഹരിക്കുന്നതിനായി ചില ദേവാലയങ്ങളില്‍ ഒരു തിരുവോസ്തി രണ്ടായി വിഭജിച്ചാണ് ഇപ്പോള്‍ നല്‍കികൊണ്ടിരിക്കുന്നത്. നിലവിലെ സ്ഥിതി ഇങ്ങനെ തുടരുകയാണെങ്കില്‍ രാജ്യത്തു തിരുവോസ്തികള്‍ പൂര്‍ണ്ണമായും ഇല്ലാതാകുമെന്നും ഫാ. മൊലിനാ പറഞ്ഞു.
80,000 ഓസ്തികള്‍ നിര്‍മ്മിച്ചിരുന്നിടത്ത് ഇപ്പോള്‍ 30,000 ഓസ്തികള്‍ മാത്രമാണ് നിര്‍മ്മിക്കാന്‍ കഴിയുന്നതെന്ന് ‘പുവര്‍ നൈറ്റ്സ് ഓഫ് ദി ടെമ്പിള്‍ ജെറുസലേം’ സഭാംഗവും തിരുവോസ്തി നിര്‍മ്മാണ ചുമതലയുമുള്ള ഫാ. ജിയോവന്നി ലൂയിസോ മാസ്സ് പറയുന്നു. ഓസ്തി ഇല്ലാത്തതിനാല്‍ ചില ദേവാലയങ്ങളില്‍ ബ്രെഡിന്റെ കഷണങ്ങളാണ് തിരുവോസ്തിയായി നല്‍കുന്നതെന്ന് വെനിസ്വേലയിലെ ദിനപത്രമായ എല്‍ നാസിയൊണല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഭക്ഷ്യക്ഷാമത്തെ തുടര്‍ന്ന്‍ ഗോതമ്പ് പൊടിക്ക് പുറമേ വിവിധ ധാന്യങ്ങള്‍, പാല്‍പ്പൊടി, കാപ്പിപൊടി മുതല്‍ പഞ്ചസാരവരെ ചില സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും അപ്രത്യക്ഷമായിട്ട് നാളുകളായി. സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായി ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ വരുത്തിയ നിയന്ത്രണങ്ങളും, ചില കമ്പനികളുടെ ദേശീയവത്കരണവുമാണ് വെനിസ്വേലയിലെ ഇപ്പോഴത്തെ ക്ഷാമത്തിന്റെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.