News - 2025

ഓർത്തഡോക്സ് സഭയുടെ ആശ്രമത്തിന് മാര്‍പാപ്പയുടെ സാമ്പത്തിക സഹായം

സ്വന്തം ലേഖകന്‍ 08-03-2018 - Thursday

വിയന്ന: കിഴക്കൻ ഓസ്ട്രിയയിലെ ബർഗൻലാന്റ് പ്രവിശ്യയില്‍ ഓർത്തഡോക്സ് സഭ നിര്‍മ്മിക്കുന്ന സന്യാസ ആശ്രമത്തിന് ധനസഹായവുമായി ഫ്രാന്‍സിസ് പാപ്പ. വിയന്ന പരിശുദ്ധ ത്രിത്വത്തിന്റെ ദേവാലയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്റ് കർദ്ദിനാൾ കർട്ട് കോച്ച്, ഐസെൻസ്റ്റാഡറ്റ് ബിഷപ്പ് അഗിഡിയസ് സിഫകോവികസ് എന്നിവർ ചേർന്ന് മാർപാപ്പയുടെ സാമ്പത്തിക സഹായം എക്യുമെനിക്കൽ പാത്രിയർക്കീസ് ബർത്തലോമിയോ ഒന്നാമന് കൈമാറി. ഒരു ലക്ഷം യൂറോയാണ് സംഭാവനയായി നൽകിയത്. ആശ്രമ നിർമ്മാണത്തിന്റെ ആരംഭം മുതൽ ഫ്രാൻസിസ് പാപ്പ പിന്തുണയറിയിച്ചിരുന്നതായി കർദ്ദിനാൾ കർട്ട് കോച്ച് പറഞ്ഞു.

പൗരസ്ത്യ - പാശ്ചാത്യ യൂറോപ്യൻ രാജ്യങ്ങളെ കൂട്ടിയിണക്കുന്നതാണ് ഓസ്ട്രിയൻ വിശ്വാസ സമൂഹമെന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ വീക്ഷ്ണവും അദ്ദേഹം അനുസ്മരിച്ചു. ഫ്രാൻസിസ് പാപ്പയുടെ മാതൃക പിന്തുടര്‍ന്നു ധാരാളം സംഭാവനകൾ പ്രഥമ ആശ്രമ നിർമ്മാണത്തിനു ലഭിക്കട്ടെയെന്നും കർദ്ദിനാൾ കോച്ച് ആശംസിച്ചു. 1967-ൽ സ്ഥാപിതമായ ഓസ്ട്രിയ ഓർത്തഡോക്സ് ആക്റ്റിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ഗ്രീക്ക് - ഓർത്തഡോക്സ് സഭകൾ സംയുക്തമായാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. ഓർത്തഡോക്സ് സഭയെ ഔദ്യോഗികമായി അംഗീകരിക്കുകയും വിദ്യാലയങ്ങളിൽ വിശ്വാസ തത്വങ്ങള്‍ പഠിപ്പിക്കുന്നതിന് അനുമതി നല്കുന്ന നിയമമാണ് ഓർത്തഡോക്സ് ആക്റ്റ് 1967.

യൂറോപ്യൻ ഭൂഖണ്ഡത്തിൽ മതസ്വാതന്ത്ര്യത്തിന്റെ ഔദ്യോഗിക മാതൃകയായിരുന്നു ഓസ്ട്രിയയിൽ നടപ്പിലാക്കിയതെന്ന് പാത്രിയർക്കീസ് ബർത്തലോമിയോ അഭിപ്രായപ്പെട്ടു. അലക്സാഡ്രിയൻ ഗ്രീക്ക് - ഓർത്തഡോക്സ് പാത്രിയർക്കീസ് തിയോഡോറോസ് രണ്ടാമൻ, റഷ്യൻ ഓർത്തഡോക്സ് ബിഷപ്പ് അന്റോണിജ്, സെർബ ഓർത്തഡോക്സ് ബിഷപ്പ് ആൻഡ്രജും മറ്റ് ഓസ്ട്രിയൻ ബിഷപ്പുമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു. നാലര ലക്ഷത്തോളം ഓർത്തഡോക്സ് വിശ്വാസികളടങ്ങുന്ന ഓസ്ട്രിയൻ സഭയുടെ ആദ്യത്തെ ആശ്രമമാണ് സെന്‍റ് ആൻഡ്രയിൽ ഒരുങ്ങുന്നത്.

More Archives >>

Page 1 of 293