News - 2025

സഭകളു‌‌ടെ ലോകസമിതിയുടെ ആസ്ഥാനം മാര്‍പാപ്പ സന്ദര്‍ശിക്കും

സ്വന്തം ലേഖകന്‍ 09-03-2018 - Friday

വത്തിക്കാന്‍ സിറ്റി: സ്വിറ്റ്സര്‍ലണ്ടിലെ ജനീവയില്‍ സ്ഥിതിചെയ്യുന്ന വിവിധ സഭകളു‌‌ടെ ലോകസമിതിയുടെ ആസ്ഥാനം ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കും. വത്തിക്കാന്റെ വാര്‍ത്താവിനിമയ കാര്യാലയത്തിന്‍റെ മേധാവി ഗ്രെഗ് ബര്‍ക്കാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സഭകളുടെ ലോകസമിതിയുടെ എഴുപതാം സ്ഥാപനവാര്‍ഷികത്തോടനുബന്ധിച്ചു നടത്തുന്ന സന്ദര്‍ശനം ജൂണ്‍ 21നായിരിക്കും നടക്കുക. “പ്രയാണവും പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും ഒത്തൊരുമിച്ച്” എന്ന മുദ്രാവാക്യമാണ് സന്ദര്‍ശനത്തിനായി മാര്‍പാപ്പ സ്വീകരിച്ചിരിക്കുന്നത്. 1948 ല്‍ രൂപം കൊണ്ട സഭകളുടെ ലോക സമിതിയില്‍ ഓര്‍ത്തഡോക്സ്, ആംഗ്ലിക്കന്‍, ബാപ്റ്റിസ്റ്റ്, ലൂതറന്‍ മെത്തഡിസ്റ്റ് തുടങ്ങിയ 348 ക്രൈസ്തവസഭകള്‍ അംഗങ്ങളാണ്.

110 നാടുകളിലായി 50 കോടിയോളം ക്രൈസ്തവര്‍ ഇതില്‍ അംഗങ്ങളാണ്. എന്നാല്‍ കത്തോലിക്കസഭ ഇതില്‍ അംഗമല്ല. അതേസമയം സംഘടനയുടെ നിരീക്ഷകസ്ഥാനം കത്തോലിക്ക സഭയ്ക്കുണ്ട്. ആധുനിക ക്രൈസ്തവ ഐക്യ പ്രസ്ഥാനത്തിന് സഭകളുടെ ലോകസമിതി (WCC) നല്‍കിയിട്ടുള്ള അതുല്യസംഭാവനയ്ക്കു അംഗീകാരമായിരിക്കും മാര്‍പാപ്പയുടെ സമിതി സന്ദര്‍ശനമെന്ന് ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്റ് കർദ്ദിനാൾ കർട്ട് കോച്ച് പറഞ്ഞു. 1969 ജൂണ്‍ 10-നു വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പയും 1984 ജൂണ്‍ 12നു വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പാപ്പയും ജനീവയിലെ ആസ്ഥാന മന്ദിരം സന്ദര്‍ശിച്ചിരുന്നു.

More Archives >>

Page 1 of 294