News - 2025

ഇന്തോനേഷ്യയിലെ പുതിയ കപ്പേള തകർക്കപ്പെട്ട നിലയിൽ

സ്വന്തം ലേഖകന്‍ 09-03-2018 - Friday

ജക്കാർത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ പുതിയതായി പണികഴിപ്പിച്ച കപ്പേള അജ്ഞാതർ തകർത്തു. വിശുദ്ധ സക്കറിയയുടെ നാമത്തിലുള്ള കപ്പേളയാണ് ആക്രമിക്കപ്പെട്ടത്. പാലബാങ്ങ് രൂപതയിൽ അടുത്തിടെ ആശീർവദിച്ച ചാപ്പലിൽ മാർച്ച് ഏഴിന് രാത്രിയിലാണ് ആക്രമണമുണ്ടായത്. ചാപ്പലിലെ ജനാലകൾക്കും തിരുക്കര്‍മ്മത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾക്കും കാര്യമായ നാശ നഷ്ടമുണ്ടായി. പാലബാങ്ങ് അതിരൂപത മെത്രാൻ അലോഷ്യസ് സുദർശോ മാർച്ച് നാലിന് ആശീർവദിച്ച ദേവാലയമാണ് ആക്രമണത്തിനിരയായത്.

ഇടവകയിൽ നിന്നും നാലോളം മണിക്കൂറോളം യാത്ര ചെയ്ത് എത്തുന്ന വിശ്വാസ സമൂഹത്തിന്റെ ഏക ആശ്രയമായിരുന്നു കപ്പേള. ചാപ്പലിന്റെ ആശീർവാദ കർമ്മത്തിൽ ഗ്രാമമുഖ്യന്മാരും മുസ്ലിം മത നേതാക്കന്മാരം പങ്കെടുത്തിരുന്നു. നിയമപരമായ അനുമതികളോടെ പണിതുയർത്തിയ ദേവാലയം ആക്രമിച്ചത് മതമൈത്രി തകർക്കുവാനാണെന്ന് വിലയിരുത്തപ്പെടുന്നു. പാലബാങ്ങ് അതിരൂപതയിൽ 26 ഇടവകകളിലായി എൺപതിനായിരത്തിനടുത്തു വിശ്വാസികളാണുള്ളത്. ഇസ്ലാമിക രാജ്യമായ ഇന്തോനേഷ്യയിൽ ക്രൈസ്തവർക്ക് നേരെ വിവിധ സ്ഥലങ്ങളിൽ ആക്രമണം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിനു ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സുമാത്ര ദ്വീപിൽ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണം.

More Archives >>

Page 1 of 294