News - 2025
'കർത്താവിനായി ഒരു ദിനം'; പ്രാർത്ഥനാദിനം ആചരിച്ച് ചൈനീസ് സമൂഹം
സ്വന്തം ലേഖകന്‍ 10-03-2018 - Saturday
ബെയ്ജിംഗ്: ആഗോളസഭയ്ക്കു വേണ്ടിയും ചൈനീസ് സമൂഹത്തിനു വേണ്ടിയും പ്രാര്‍ത്ഥനാദിനം ആചരിച്ചുകൊണ്ട് ചൈനയിലെ വിശ്വാസി സമൂഹം. ഇന്നലെ മാർച്ച് 9 വെള്ളിയാഴ്ച പ്രവർത്തി ദിവസമായിരുന്നിട്ടും വിവിധ ദേവാലയങ്ങളില്‍ നടന്ന ദിവ്യബലിയിലും കുരിശിന്റെ വഴിയിലും ആരാധനയിലും വിശ്വാസികളുടെ സജീവ സാന്നിദ്ധ്യം പ്രകടമായിരുന്നു. അനുതാപത്തിന്റെ നൂറ്റിമുപ്പതാം സങ്കീർത്തനം തുടര്‍ച്ചയായി ഉരുവിട്ടുകൊണ്ടാണ് വിശ്വാസികള്‍ ശുശ്രൂഷയില്‍ പങ്കുചേര്‍ന്നത്.
കഴിഞ്ഞ അഞ്ചു കൊല്ലമായി നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍, തപസ്സുകാലത്തിലെ നാലാമത്തെ ഞായറാഴ്ചയ്ക്കു തൊട്ടുമുമ്പ് വരുന്ന വെള്ളിയാഴ്ചയാണ് “കര്‍ത്താവിനായി 24 മണിക്കൂര്‍” എന്ന പേരില്‍ അനുതാപ ശുശ്രൂഷയും ദിവ്യകാരുണ്യാരാധനയും ഉള്‍ക്കൊള്ളുന്ന ഈ ആചരണം ആഗോളസഭയില്‍ നടത്തപ്പെടുന്നത്. ഇതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ചൈനയിലും ശുശ്രൂഷകള്‍ നടന്നത്.
മാർപാപ്പയോടും ആഗോള സഭയോടും ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടത്തുന്ന ശുശ്രൂഷയില്‍ ജാഗരണ പ്രാർത്ഥന, നോമ്പുകാല ധ്യാനം, തീർത്ഥാടനങ്ങൾ, റാലികൾ എന്നിവ പതിവാണ്. വത്തിക്കാനോടും സഭയോടുമുള്ള തങ്ങളുടെ വിധേയത്വം ഏറ്റുപറയാന്‍ കൂടിയാണ് വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ പങ്കുചേരുന്നത്. ഇന്നലെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷ നടന്നു.
മതസ്വാതന്ത്ര്യത്തിന് കടുത്ത നിയന്ത്രണമുള്ള കമ്മ്യൂണിസ്റ്റ് ചൈനയില്‍ ഫ്രാന്‍സിസ് പാപ്പയുടെ പ്രബോധനങ്ങള്‍ കൂടുതലായും ഇന്‍റര്‍നെറ്റ് വഴിയാണ് വിശ്വാസികള്‍ പിന്തുടരുന്നത്. അതേസമയം പീഡനങ്ങള്‍ക്ക് നടുവിലും ശക്തമായ കത്തോലിക്ക വിശ്വാസവുമായാണ് ചൈന മുന്നേറുന്നത്. അടുത്തിടെ “ഫെയിത്ത് കള്‍ച്ചറല്‍ സൊസൈറ്റി” പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ചു 2017-ല്‍ മാത്രം രാജ്യത്തു 48,556 പേര്‍ ജ്ഞാനസ്നാനം സ്വീകരിച്ചെന്നാണ് കണക്ക്.