News - 2025
ഒന്നരലക്ഷം വിശ്വാസികളുടെ നിവേദനം പോളിഷ് മെത്രാന്‍ സമിതിക്ക് മുന്നില്‍
സ്വന്തം ലേഖകന്‍ 16-03-2018 - Friday
വാര്‍സോ: വിവാഹത്തെക്കുറിച്ചുള്ള സഭയുടെ പാരമ്പര്യ പ്രബോധനങ്ങള്‍ ഉയര്‍ത്തിപിടിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒന്നര ലക്ഷം പോളിഷ് കത്തോലിക്ക വിശ്വാസികള്‍ എഴുതിയ നിവേദനം മെത്രാന്‍മാര്‍ക്ക് സമര്‍പ്പിച്ചു. ‘പൊളോണിയ സെംപെര്‍ ഫിഡെലിസ്’ എന്ന പേരില്‍ ആരംഭിച്ച പ്രചാരണ പരിപാടിയിലൂടെ വിശ്വാസികള്‍ എഴുതിയ നിവേദനം ഇരുപതോളം പെട്ടികളിലായാണ് മെത്രാന്‍ സമിതിക്ക് മുന്നില്‍ സമര്‍പ്പിച്ചത്. മാര്‍ച്ച് 5നാണ് നിവേദനം കൈമാറിയത്. 'ക്രിസ്ത്യന്‍ മൂല്യങ്ങള്‍ സംരക്ഷിക്കുക' എന്ന ലക്ഷ്യത്തോടെ അത്മായ സംഘടനയായ ‘പിയോട്ര്‍ സ്കാര്‍ഗാ ഇന്‍സ്റ്റിറ്റ്യൂട്ട്’ ആരംഭിച്ച പദ്ധതിയാണ് ‘പൊളോണിയ സെംപെര്‍ ഫിഡെലിസ്’.
ആരംഭത്തില്‍ തന്നെ ഇതിന് വന്‍പ്രചാരമാണ് ലഭിച്ചത്. വിവാഹമോചിതര്‍ക്കും, സഭാപ്രബോധനങ്ങള്‍ക്കെതിരായി ജീവിക്കുന്ന പുനര്‍വിവാഹിതര്‍ക്കും ദിവ്യകാരുണ്യ സ്വീകരണം സാധ്യമല്ല എന്ന് പോളിഷ് സഭ ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്നാണ് അത്മായരുടെ അപേക്ഷ. പ്രമുഖരായ നിരവധി കത്തോലിക്കരും, അറിയപ്പെടുന്ന പത്രപ്രവര്‍ത്തകരും അപേക്ഷയില്‍ ഒപ്പിട്ടിട്ടുണ്ട്.
തങ്ങളുടെ അപേക്ഷയെ മെത്രാന്‍ സമിതി അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹത്തിന്റെ വിശുദ്ധമായ സഭാപാരമ്പര്യം എല്ലാവരും മുറുകെ പിടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘാടക നേതൃത്വം പറഞ്ഞു. ഫ്രാന്‍സിസ് പാപ്പായുടെ ശ്ലൈഹീക ലേഖനമായ 'അമോരിസ് ലെത്തീസ്യ'യിലെ ഔദ്യോഗിക തര്‍ജ്ജമയെ പറ്റിയുള്ള ചര്‍ച്ചകള്‍ പോളണ്ടിലെ മെത്രാന്‍ സമിതിയില്‍ സജീവമാകുന്ന സാഹചര്യത്തില്‍ വിശ്വാസികള്‍ സമര്‍പ്പിച്ച അപേക്ഷക്ക് അതീവ പ്രാധാന്യമാണുള്ളത്.