News - 2025

ചരിത്രത്തെ തിരുത്താനുള്ള സംഘപരിവാര്‍ നീക്കത്തിനെതിരെ മതന്യൂനപക്ഷം

സ്വന്തം ലേഖകന്‍ 16-03-2018 - Friday

ന്യൂഡല്‍ഹി: കേന്ദ്രം ഭരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ചരിത്രത്തെ തിരുത്തിയെഴുതാനുള്ള സംഘപരിവാര്‍ നീക്കത്തില്‍ ആശങ്ക പങ്കുവെച്ച് മതന്യൂനപക്ഷങ്ങള്‍. ക്രൈസ്തവരും ഇസ്ലാം മതസ്ഥരും ഉള്‍പ്പെടുന്ന മതന്യൂനപക്ഷങ്ങള്‍ ഹിന്ദുത്വ ശക്തികളുടെ ഈ നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്തിന്‍റെ ചരിത്രം മാറ്റി എഴുതാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക 14 അംഗ കമ്മിറ്റിയെ നിയോഗിച്ചെന്ന റിപ്പോർട്ട് അന്തർ ദേശീയ മാധ്യമമായ റോയിട്ടേഴ്സാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തത്. സംഘം കഴിഞ്ഞ 6 മാസങ്ങളായി പ്രവര്‍ത്തിച്ചു വരികയാണെന്ന്‍ റിപ്പോര്‍ട്ടുണ്ട്.

തങ്ങളാണ് ഇന്ത്യയിലെ ഭൂരിപക്ഷമെന്നും, തങ്ങളാണ് വിജയികളെന്നും ലോകത്തെ ബോധ്യപ്പെടുത്തുവനാണ് സംഘപരിവാര്‍ ആഗ്രഹിക്കുന്നതെന്ന്‍ ഒഡീഷയിലെ ജബല്‍പ്പൂരിലെ ക്രിസ്റ്റോ ജ്യോതി മോഹവിദ്യാലോയോ സ്ഥാപനത്തിലെ പ്രൊഫസര്‍ ആയ ഫാ. ജെസുരാജ് രായപ്പന്‍ എസ്‌വി‌ഡി പറഞ്ഞു. ഇന്ത്യയുടെ ബഹുസ്വരതയേയും, സാംസ്കാരിക വൈവിധ്യത്തേയും സംഘപരിവാര്‍ ബഹുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രഹസ്യ അജണ്ടയുടെ അടിസ്ഥാനത്തില്‍ ഒരു ചരിത്രവും എഴുതുവാന്‍ സാധിക്കുകയില്ലെന്ന്‍ സിവില്‍ ലോയറും, ദൈവശാസ്ത്ര വിഭാഗതില്‍ പ്രൊഫസറുമായ ഫാ. റൊസാരിയോ പറയുന്നു.

അത്തരം ഒരു കമ്മിറ്റിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് തടയപ്പെടേണ്ടതാണെന്നും, ഇന്ത്യന്‍ ജനത അതിനെതിരെ ശബ്ദമുയര്‍ത്തേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ എതിര്‍പ്പുമായി ചരിത്രകാരന്മാരും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ ഹിന്ദുക്കള്‍ക്ക് വേണ്ടിയുള്ള രാഷ്ട്രം മാത്രമാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് ഈ നീക്കങ്ങളുടെ പിന്നിലുള്ള ലക്ഷ്യമെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. രാജ്യത്തിന്റെ മതനിരപേക്ഷതയെ ഈ നീക്കം അപകടത്തിലാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

കേന്ദ്രത്തിന്റേയും, ചില സംസ്ഥാന സര്‍ക്കാറുകളുടേയും ഒത്താശയോടെ സ്കൂള്‍ തലം മുതലേ രാഷ്ട്രത്തിന്റെ ചരിത്രം മാറ്റി തങ്ങളുടെ ആശയങ്ങള്‍ കുത്തിവെക്കുവാനുള്ള ശ്രമങ്ങള്‍ സംഘപരിവാര്‍ നടത്തിവരുന്നുവെന്ന ആരോപണം ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നേരത്തെ ഉന്നയിച്ചിരുന്നു. ഈ ആരോപണത്തെ ശരിവെക്കുന്ന രീതിയിലാണ് പിന്നീട് വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അധികാരം കൈയാളുന്നവരുടെയോ ഭൂരിപക്ഷത്തിന്റെയോ ആശയങ്ങളും ആദര്‍ശങ്ങളും എല്ലാവരും പിന്തുടരണമെന്ന ശാഠ്യം ഭരണകൂടം ഉപേക്ഷിക്കണമെന്നാണ് ന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ ഉയരുന്ന ശബ്ദം.

More Archives >>

Page 1 of 297