News - 2025

ഓസ്ട്രേലിയൻ കത്തോലിക്ക വിശ്വാസികളുടെ കേന്ദ്രമായി സിഡ്നി

സ്വന്തം ലേഖകന്‍ 19-03-2018 - Monday

കാൻബറ: ഓസ്ട്രേലിയായില്‍ കത്തോലിക്ക വിശ്വാസികളുടെ കേന്ദ്രമായി സിഡ്നി മാറിയതായി പുതിയ കണക്കുകള്‍. രാജ്യത്തു ഏറ്റവും കൂടുതല്‍ കത്തോലിക്ക വിശ്വാസികളുള്ള നഗരമായാണ് സിഡ്നി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. തലസ്ഥാന നഗരിയായ കാൻബറായും ഹോ ബാർട്ടും തൊട്ട് പിന്നിലുണ്ട്. ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് സെൻസസ് പുറത്തുവിട്ട കണക്കുകൾ അടിസ്ഥാനപ്പെടുത്തി, മാര്‍ക്കറ്റ് ഡെമോഗ്രാഫേര്‍സ് ക്രീന്‍ഡിൽ നടത്തിയ സര്‍വ്വേ പ്രകാരം രാജ്യത്ത് സിഡ്നി കത്തോലിക്ക കേന്ദ്രമായി തുടരുന്നു. സിഡ്നി പ്രവിശ്യയിലെ ബോസ്ലി പാർക്കാണ് ജനസംഖ്യയിൽ പകുതിയിലധികം, കത്തോലിക്കരുമായി മുന്നിൽ നിൽക്കുന്നത്.

സിഡ്നിയുടെ പ്രാന്ത പ്രദേശങ്ങളായ ബ്ലാക്ക് ടൗണിൽ പന്ത്രണ്ടായിരവും കാസ്റ്റൽ ഹിലില്‍ പതിനായിരവും ഗ്രേ സ്റ്റേയിൻസിലും ബോൾക്ക്ഹാം ഹിൽസിലും പതിനായിരത്തോളവും മെറി ലാൻറിൽ ഒൻപതിനായിരത്തോളവുമാണ് കത്തോലിക്ക ജനസംഖ്യ. ഓസ്ട്രേലിയായില്‍ കത്തോലിക്ക സഭയ്ക്കും ആംഗിക്കന്‍ സഭയ്ക്കുമാണ് കൂടുതല്‍ പ്രാതിനിധ്യമുള്ളത്. രാജ്യത്തെ ജനസംഖ്യയുടെ ഇരുപത്തിമൂന്ന് ശതമാനവും കത്തോലിക്ക വിശ്വാസികളും പതിനാല് ശതമാനം ആംഗ്ലിക്കൻ വിശ്വാസികളുമാണ്. നിരാലംബർക്ക് ആശ്രയവും, പാവപ്പെട്ടവർക്ക് ഭക്ഷണവും സാമ്പത്തിക സഹായവും നല്കുന്ന ക്രൈസ്തവ സംഘടനകളുടെ പ്രവർത്തനങ്ങൾ ഓസ്ട്രേലിയൻ ജനത വിലമതിക്കുന്നതായും സർവേയിൽ ചൂണ്ടി കാണിക്കുന്നു.

ഓസ്ട്രേലിയയില്‍ വിശ്വാസം പൂര്‍ണ്ണമായും ക്ഷയിച്ചിട്ടില്ലായെന്നും ജനസംഖ്യയിൽ മൂന്നിൽ രണ്ടു പേരും ഏതെങ്കിലും വിശ്വാസ ചട്ടകൂടുകളെ പിന്തുടരുന്നവരാണെന്നും സർവ്വേയ്ക്ക് നേതൃത്വം നൽകിയ മാർക്ക് മക്ക് ക്രിഡിൽ പറഞ്ഞു. രാജ്യത്തെ ഇതര നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിശ്വാസികളുടെ പിന്തുണയോടെ സിഡ്നിയിലെ സഭാനേതൃത്വം മികച്ച പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നത്. സഭയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക വഴി കൂടുതൽ പേരെ വിശ്വാസത്തിലേക്ക് നയിക്കാനാകുമെന്ന്‍ പ്രതീക്ഷ. അതേസമയം ദേവാലയങ്ങളിലുള്ള വിശ്വാസികളുടെ കുറവ് സഭയെ അലട്ടുന്നുണ്ട്. ഇതിന് പരിഹാരം കാണുവാന്‍, രാജ്യത്തെ കത്തോലിക്ക സമൂഹങ്ങളെ ശക്തിപ്പെടുത്താനായി 'പാരിഷ് 2020' എന്ന പേരിൽ പ്രത്യേക കൂട്ടായ്മയ്ക്കു ആരംഭം കുറിച്ചിട്ടുണ്ട്.

More Archives >>

Page 1 of 298