News - 2025
മധ്യപൂര്‍വ്വേഷ്യയില്‍ ആദ്യമായി ഫ്രാന്‍സിസ് പാപ്പയുടെ പ്രതിമ
സ്വന്തം ലേഖകന്‍ 19-03-2018 - Monday
ഹാദത്ത്: മധ്യപൂര്‍വ്വേഷ്യയില്‍ ആദ്യമായി ഫ്രാന്‍സിസ് പാപ്പയുടെ പ്രതിമ ഉയര്‍ന്നു. ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശത്തുള്ള ബാബ്ഡാ ജില്ലയിലെ ഹാദത്തിലാണ് ഫ്രാന്‍സിസ് പാപ്പായുടെ പ്രതിമ നിര്‍മ്മിച്ചത്. ഫ്രാന്‍സിസ് പാപ്പ ആഗോള സഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് മാര്‍ച്ച് 14 ബുധനാഴ്‌ചയായിരുന്നു ഉദ്ഘാടനം. മാരോണൈറ്റ് മെത്രാപ്പോലീത്തയായ ബൗലോസ് മാട്ടര്‍, ബെയ്റൂട്ടിലെ അപ്പസ്തോലിക ഓഫീസ് സെക്രട്ടറിയായ മോണ്‍. ഇവാന്‍ സാന്റുസ്, ഷിട്ടെ ഹെസ്ബൊള്ള പാര്‍ട്ടിയുടെ വിദേശകാര്യ തലവനായ ഷെയിഖ് ഖലീല്‍ റിസ്ക് തുടങ്ങി രാഷ്ട്രീയ, മത സാമൂഹിക മേഖലകളിലുള്ള പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.
പീഡനമനുഭവിക്കുന്ന മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികള്‍ക്കുമുള്ള അംഗീകാരമായാണ് രൂപത്തെ പലരും വിശേഷിപ്പിച്ചത്. പ്രാദേശിക ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നതിനും, പൊതുപൗരത്വമെന്ന ചക്രവാളത്തിനു കീഴില്‍ വിവിധ മതസമുദായങ്ങളുടെ സഹവര്‍ത്തിത്വത്തിന്റെ ഒരടയാളമെന്ന നിലയിലുമാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നതെന്ന് ഇതിന് വേണ്ടി പ്രവര്‍ത്തിച്ച മേയര്‍ ജോര്‍ജ്ജ് അവോണ്‍ പറഞ്ഞു. ഫ്രാന്‍സിസ് പാപ്പയുടെ ഏതാനും വാക്കുകള്‍ പ്രതിമക്ക് സമീപം ആലേഖനം ചെയ്തിട്ടുണ്ട്.
മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികള്‍ തങ്ങളുടെ ജന്മദേശത്ത് തന്നെ തുടരണമെന്നും, തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കണമെന്നും, മേഖലയിലെ സമാധാനപരമായ സഹവര്‍ത്തിത്വത്തിനു തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നുമുള്ള വാക്കാണ് ആലേഖനം ചെയ്തിരിക്കുന്നത്. സമീപകാലത്ത് ഹാദത്ത് മേഖലയിലെ മതസാമൂഹ്യ സഹകരണത്തിനു വിഘാതമായി ഉടലെടുത്ത പ്രശ്നങ്ങളെ ലഘൂകരിക്കുവാനുള്ള നടപടികൂടിയായാണ് പ്രതിമ നിര്‍മ്മാണത്തെ പലരും വിലയിരുത്തുന്നത്. അടുത്തകാലത്ത് ഷിയാ സമുദായത്തില്‍പ്പെട്ട ചിലര്‍ മാരോണൈറ്റ് ക്രൈസ്തവരുടെ ഭൂസ്വത്ത് പിടിച്ചടക്കുവാനുള്ള ശ്രമങ്ങള്‍ നടത്തിയിരിന്നു.