News - 2025
ഘാതകനോട് ക്ഷമിക്കുന്നതായി ആര്‍ച്ച് ബിഷപ്പ് ഓസ്‌കറിന്റെ സഹോദരന്‍
സ്വന്തം ലേഖകന്‍ 17-03-2018 - Saturday
സാന്‍ സാല്‍വഡോര്‍: വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന രക്തസാക്ഷിയായ ആര്‍ച്ച് ബിഷപ്പ് ഓസ്‌കര്‍ റൊമേറോയുടെ ഘാതകരോട് ക്ഷമിക്കുന്നതായി അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ ഗാസ്പര്‍. താന്‍ വധിക്കപ്പെടുമെന്ന് ആര്‍ച്ച്ബിഷപ്പിന് അറിയാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സഹോദരനെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള വത്തിക്കാന്റെ തീരുമാനം തനിക്ക് സന്തോഷം പകരുരുന്നതായും 88 വയസുള്ള ഗാസ്പര്‍ കൂട്ടിച്ചേര്‍ത്തു. ലാറ്റിനമേരിക്കന്‍ രാജ്യമായ സാന്‍ സാല്‍വഡോര്‍ അതിരൂപതാ അധ്യക്ഷനായിരുന്ന ആര്‍ച്ച് ബിഷപ്പ് റൊമേറോ ദരിദ്രര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുകയും രാജ്യത്തെ ഗ്രസിച്ച ആഭ്യന്തരയുദ്ധത്തെയും നിരന്തരം വിമര്‍ശിക്കുകയും ചെയ്തിരിന്നു.
1980 മാര്‍ച്ച് 24നു ദിവ്യബലി മദ്ധ്യേ അദ്ദേഹത്തെ അക്രമി വെടിവച്ചു കൊല്ലുകയായിരുന്നു. സെസീലിയ മാരിബെല്‍ ഫ്‌ലോറസ് എന്ന ഗര്‍ഭിണിക്കുണ്ടായ രോഗശാന്തിയാണ് ആര്‍ച്ച് ബിഷപ്പ് റൊമേറോയുടെ മാധ്യസ്ഥതയില്‍ നടന്നതായി സ്ഥിരീകരിച്ചത്. 2015 മേയിൽ അദ്ദേഹത്തെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചിരുന്നു. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം ഈ വര്‍ഷാവസാനം നടക്കും.