News - 2025

വിശ്വാസികളെ സജീവമാക്കാന്‍ നവോത്ഥാന പദ്ധതിയുമായി റഷ്യന്‍ സഭ

സ്വന്തം ലേഖകന്‍ 24-05-2018 - Thursday

മോസ്ക്കോ: അല്‍മായരെ കൂടുതലായി വിശ്വാസ കാര്യങ്ങളില്‍ സജീവമാക്കുക എന്ന ഉദ്ദേശ്യത്തോടെ രൂപം നല്‍കിയ പുതിയ പദ്ധതിക്ക് റഷ്യന്‍ ഓര്‍ത്തഡോക്സ്‌ മെത്രാന്‍മാരുടെ സൂനഹദോസ് അംഗീകാരം നല്‍കി. “പ്രിന്‍സിപ്പിള്‍സ് ഓഫ് ദി ആക്ടിവിറ്റി ഓഫ് ദി ഡയോസിസന്‍ മിഷ്ണറി ഓഫീസ്‌” എന്ന പേരിലാണ് കര്‍മ്മരേഖ തയാറാക്കിയിരിക്കുന്നത്. നിരീശ്വരവാദികളെ വീണ്ടും വിശ്വാസത്തിലേക്ക് കൊണ്ടു വരിക, ക്രൈസ്തവ പ്രബോധനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുക തുടങ്ങി അജപാലക ദൗത്യത്തിന്റെ എല്ലാ വശങ്ങളും ഈ പദ്ധതിയില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.

മാമ്മോദീസ സ്വീകരിച്ച അല്‍മായരേയും, പേരിന് ക്രൈസ്തവരെന്ന് പറയുന്ന മാമോദീസ സ്വീകരിക്കാത്തവരേയും സഭാ ജീവിതത്തില്‍ പൂര്‍ണ്ണമായും പങ്കാളികളാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 80% ത്തോളം റഷ്യക്കാര്‍ ഓര്‍ത്തഡോക്സ്‌ സഭയുടെ മക്കളാണെന്നാണു കരുതിവരുന്നത്. ഇവരെ സജീവ വിശ്വാസത്തിലേക്ക്‌ കൊണ്ടുവരുന്നതിനായി മാമ്മോദീസക്ക് മുന്‍പും, പിന്‍പും മതബോധനം നല്‍കേണ്ടതിന്റെ ആവശ്യകതയും ഈ പദ്ധതിയില്‍ മുന്‍കൂട്ടി കാണുന്നുണ്ട്.

റഷ്യന്‍ ക്രൈസ്തവ വിശ്വാസത്തിന്റെ സംരക്ഷകരായി വിശ്വാസ സമൂഹത്തെ വളര്‍ത്തിയെടുക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. വിഭാഗീയത, മത തീവ്രവാദം, ആധുനിക കാലത്തെ അവിശ്വാസം, വിശ്വാസപരമായ ആശയകുഴപ്പങ്ങള്‍ തുടങ്ങിയവയെ പ്രതിരോധിക്കുക എന്നതാണ് അജപാലക ദൗത്യത്തിന്റെ രണ്ടാമത്തെ ലക്ഷ്യം. മതതീവ്രവാദം എന്ന വിഭാഗം ചൂണ്ടിക്കാണിക്കുന്നത് ഇസ്ലാമിക തീവ്രവാദത്തെ മാത്രമല്ലായെന്നതു ശ്രദ്ധേയമാണ്. യഹോവ സാക്ഷികള്‍, മൗലീക പെന്തക്കൊസ്തുവാദികള്‍, ഗോസ്പല്‍ ബാപ്റ്റിസ്റ്റുകള്‍ എന്നിവരുടെ കടന്നുകയറ്റത്തില്‍ നിന്നും വിശ്വാസത്തെ സംരക്ഷിക്കുക എന്നതാണ് മതതീവ്രവാദത്തെ പ്രതിരോധിക്കുക എന്നതിലൂടെ അര്‍ത്ഥമാക്കിയിരിക്കുന്നത്.

നവോത്ഥാന പദ്ധതി വഴി അല്‍മായരെ കൂടുതലായി ഇടവക കാര്യങ്ങളില്‍ സജീവമാക്കുന്നതിനായി മുന്നൂറോളം ഓര്‍ത്തഡോക്സ് രൂപതകളില്‍ പദ്ധതി വ്യാപിപ്പിക്കുവാനാണ് പാത്രിയാര്‍ക്കേറ്റ് പദ്ധതിയിട്ടിരിക്കുന്നത്. അംഗസംഖ്യ കൂടുതലുള്ള ഇടവകകളില്‍ വിശ്വാസ ജീവിതത്തെക്കുറിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് അധികമായി പുരോഹിതരേയോ, സന്നദ്ധ പ്രവര്‍ത്തകരേയോ ചുമതലപ്പെടുത്തുവാനുള്ള പദ്ധതിയുമുണ്ട്.

More Archives >>

Page 1 of 322