News - 2025

അകത്തോലിക്കര്‍ക്ക് ദിവ്യകാരുണ്യം; ആശങ്കയുമായി ബിഷപ്പുമാര്‍

സ്വന്തം ലേഖകന്‍ 24-05-2018 - Thursday

വാഷിംഗ്ടൺ: കത്തോലിക്ക വിശ്വാസികളുടെ പ്രൊട്ടസ്റ്റന്‍റുകാരായ ജീവിത പങ്കാളികള്‍ക്ക് ദിവ്യകാരുണ്യ സ്വീകരണം അനുവദിക്കണമെന്ന ജർമ്മൻ മെത്രാന്മാരുടെ തീരുമാനത്തില്‍ ആശങ്കയുമായി ബിഷപ്പുമാര്‍ രംഗത്ത്. ഇത്തരം പ്രാദേശിക കീഴ് വഴക്കങ്ങൾ ആഗോളസഭയെ ബാധിക്കുമെന്ന ആശങ്കയാണ് വിവിധ രൂപതാധ്യക്ഷന്മാര്‍ പങ്കുവെക്കുന്നത്. അകത്തോലിക്കരുടെ വിശുദ്ധ കുർബാന സ്വീകരണത്തെ തള്ളി ഫിലാഡൽഫിയ ആർച്ച് ബിഷപ്പ് ചാൾസ് ചാപുറ്റ് ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്. ജർമ്മൻ എപ്പിസ്‌കോപ്പൽ സമിതിയുടെ തീരുമാനത്തെ എതിർത്ത അദ്ദേഹം, സഭാ പഠനങ്ങളെയും ആരാധനക്രമങ്ങളെയും പ്രൊട്ടസ്റ്റന്റ് ചിന്തകൾക്ക് അധീനപ്പെടുത്തരുതെന്നും കൂദാശകളുടെ പാവനത കാത്തുസൂക്ഷിക്കണമെന്നും വ്യക്തമാക്കി.

ആധ്യാത്മികമായി ഒരുങ്ങി, വിശ്വാസത്തോടെയും അനുതാപത്തോടെയും ദിവ്യകാരുണ്യം സ്വീകരിക്കുമ്പോഴാണ് കൂദാശയുടെ ഫലങ്ങൾ അനുഭവഭേദ്യമാകുന്നത്. പരിശുദ്ധ ദിവ്യകാരുണ്യ സ്വീകരണത്തില്‍ യാതൊരു നിർബന്ധങ്ങൾക്കും വഴങ്ങി വിട്ടുവീഴ്ച അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ജര്‍മ്മന്‍ മെത്രാന്‍ സമിതി ഐക്യകണ്ഠമായി തീരുമാനങ്ങൾ എടുത്താലും സഭയുടെ കത്തോലിക്ക വിശ്വാസത്തെ കളങ്കപ്പെടുത്താനാകില്ലെന്ന് ഉട്രിക്കറ്റ് കർദ്ദിനാൾ വില്യം ഐജക്ക് നാഷ്ണല്‍ കത്തോലിക്ക റജിസ്റ്റര്‍ എന്ന മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറഞ്ഞു.

ജർമ്മൻ എപ്പിസ്കോപ്പൽ സമിതിയുടെ തീരുമാനങ്ങളേക്കാൾ സഭയുടെ യഥാർത്ഥ പഠനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഫ്രാൻസിസ് പാപ്പ മുൻകൈയ്യെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അകത്തോലിക്കര്‍ക്ക് ദിവ്യകാരുണ്യം നല്‍കാനുള്ള തീരുമാനത്തെ തള്ളി ഒട്ടാവ ആർച്ച് ബിഷപ്പ് ടെരൻസ് പ്രന്റർഗസ്റ്റും രംഗത്തെത്തിയിട്ടുണ്ട്. ജർമ്മൻ മെത്രാൻ സമിതിയുടെ തീരുമാനം പുനപരിശോധിക്കണമെന്നും അകത്തോലിക്കരുടെ ദിവ്യകാരുണ്യ സ്വീകരണം ഫലപ്രദമല്ലെന്നും അദ്ദേഹം വിലയിരുത്തി. ദിവ്യകാരുണ്യ ഈശോയെ സ്വീകരിക്കുമ്പോൾ ദൈവവും സഭയുമായി പ്രത്യക്ഷത്തിലും പരോക്ഷത്തിലും ബന്ധം പുലർത്തുകയും സഭാ പഠനങ്ങളെ അംഗീകരിക്കുകയും വേണമെന്നും കർദ്ദിനാൾ പ്രന്റർഗസ്റ്റ് പറഞ്ഞു.

More Archives >>

Page 1 of 322