Arts - 2025
യേശു പ്രവർത്തിച്ച ഏഴ് അത്ഭുതങ്ങള്‍; വിർച്വൽ റിയാലിറ്റി സിനിമ ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍ 25-08-2018 - Saturday
ലണ്ടന്‍: യേശു പ്രവർത്തിച്ച ഏഴ് അത്ഭുതങ്ങളെ ആസ്പദമാക്കി ലോക ചരിത്രത്തിലെ ആദ്യത്തെ വിർച്വൽ റിയാലിറ്റി ഫീച്ചർ സിനിമ ഒരുങ്ങുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ യേശു പ്രവർത്തിച്ച ഏഴ് അത്ഭുതങ്ങളെ അടിസ്ഥാനപ്പെടുത്തി തയാറാക്കിയ "സെവൻ മിറക്കിൾസ്" ലോക ചരിത്രത്തിലെ ആദ്യത്തെ വെർച്ചൽ റിയാലിറ്റി ഫീച്ചർ സിനിമയാണ്. ലണ്ടനിലെ റേയിൻഡാനസ് ചലച്ചിത്രമേളയിൽ ചിത്രം പ്രദർശിപ്പിക്കും.
സെപ്തംബർ ഇരുപത്തി ആറുമുതൽ ഒക്ടോബർ മാസം ഏഴാം തീയതി വരെയാണ് ലണ്ടൻ നഗരത്തിലെ വിവേ സ്റ്റുഡിയോസില്‍ റേയിൻഡാനസ് ചലച്ചിത്രമേള നടക്കുന്നത്. ഏഴു ഭാഗങ്ങളായാണ് ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്. കാനായിലെ കല്യാണ വീട്ടിൽ വച്ച് യേശു പ്രവർത്തിച്ച അത്ഭുതം അടക്കം ഏഴ് അത്ഭുതങ്ങൾ വിർച്വൽ റിയാലിറ്റിയിലൂടെ ആളുകളിൽ എത്തും. ക്രെെസ്‌തവ വിശ്വാസത്തിൽ അധിഷ്ടിതമായ വിർച്വൽ റിയാലിറ്റി ചിത്രം സിനിമ ആസ്വാദകർക്ക് ഒരു വ്യത്യസ്ത അനുഭവമായിരിക്കും സമ്മാനിക്കുകയെന്ന്‍ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.