News
തിരുസ്വരൂപങ്ങളുടെ അഴക് വീണ്ടെടുക്കുവാന്‍ ഒരു കൗമാരക്കാരന്റെ സൗജന്യ ശുശ്രൂഷ
സ്വന്തം ലേഖകന്‍ 05-09-2018 - Wednesday
പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ ഗുവാം ദ്വീപിലെ കത്തോലിക്കാ സമൂഹത്തിന് മുന്നില്‍ സ്തുത്യര്‍ഹ സേവനവുമായി ഒരു കൗമാരക്കാരന്‍ ശ്രദ്ധ നേടുകയാണ്. ജെയിഡന്‍ കൊമോണ്‍ എന്നാണ് ഈ പതിനഞ്ചുകാരന്റെ പേര്. കത്തോലിക്കാ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നവര്‍ വിരളമായുള്ള ഗുവാമില്‍ വിശുദ്ധ രൂപങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തി പുനരുദ്ധരിച്ച് നല്‍കുകയാണ് ജെയിഡന്‍. അതും പഠനത്തിനിടെ പൂര്‍ണ്ണ സൗജന്യമായാണ് സേവനം. ചെറുപ്പം മുതലേ അള്‍ത്താര ബാലനായും ഈ കൊച്ചു മിടുക്കന്‍ ശുശ്രൂഷ ചെയ്യുന്നുണ്ട്. നോട്രെ ഡെയിം ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിയായ ജെയിഡന്‍ തന്റെ പന്ത്രണ്ടാം വയസ്സുമുതല്‍ സേവനം ചെയ്തുവരുന്നു.
തന്റെ ഇടവക ദേവാലയമായ മോങ്ങ്മോങ്ങിലെ കത്തോലിക്കാ ദേവാലയത്തിലെ മോശം അവസ്ഥയിലായിരുന്ന ‘പിയാത്താ’ രൂപം പുനരുദ്ധരിച്ചുകൊണ്ടാണ് തിരുസ്വരൂപ പുനര്‍നിര്‍മ്മാണ രംഗത്തേക്ക് ജെയിഡന്‍ കടന്നുവരുന്നത്. പെയിന്റര്‍മാരെ കണ്ടെത്തുവാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടതോടെ രൂപം പെയിന്റ് ചെയ്യുവാനുള്ള ഉത്തരവാദിത്വം താന്‍ സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്നാണ് ജെയിഡന്‍ പറയുന്നത്. അതിനു മുന്‍പ് താന്‍ പെയിന്റിംഗ് ചെയ്തിട്ടില്ലെന്നും അവന്‍ വെളിപ്പെടുത്തി.
പിയാത്ത പുനരുദ്ധാരണത്തിനു ശേഷമാണ് കൂടുതല്‍ വിശുദ്ധ രൂപങ്ങള്‍ പെയിന്റ് ചെയ്യുവാന്‍ തനിക്ക് കഴിയുമെന്ന് ബോധ്യപ്പെട്ടതായി ജെയിഡന്‍ പറയുന്നു. പിന്നീട് ജെയിഡന്‍ ഇടവക ദേവാലയത്തിലെ മാധ്യസ്ഥ വിശുദ്ധയായ ‘ഔര്‍ ലേഡി ഓഫ് ദി വാട്ടേഴ്സ്’ എന്ന മാതാവിന്റെ രൂപവും, വിശുദ്ധ യൌസേപ്പിതാവിന്റെ രൂപവും, മാലാഖമാരുടെ രൂപങ്ങളും, ടോട്ടോ കത്തോലിക്കാ ദേവാലയത്തിലെ ഒരു രൂപവും മനോഹരമായി പെയിന്റ് ചെയ്യുകയുണ്ടായി. ജെയിഡന്റെ പെയിന്റിംഗ് വൈദഗ്ദ്യത്തിലും, സേവന താല്‍പ്പരതയിലും ആകൃഷ്ടരായ ഇടവക സമൂഹമാണ് ജെയിഡനെ പുറംലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്തത്.
ഒരു രൂപം വീണ്ടെടുക്കുന്നത് വളരെ ശ്രമകരമായ ജോലിയാണെന്നാണ് ജെയിഡന്‍ പറയുന്നത്. തകര്‍ന്ന ഭാഗത്തിന്റെ പുനരുദ്ധാരണം, പെയിംന്‍റിഗ്, എന്നിങ്ങനെ നീളുന്നു. രൂപങ്ങളുടെ പുനരുദ്ധാരണത്തിന് പുറമേ തന്നാല്‍ കഴിയുന്ന എന്ത് സേവനങ്ങള്‍ വേണമെങ്കിലും ദേവാലയത്തിനായി ചെയ്യുവാന്‍ ജെയിഡന്‍ ഒരുക്കമാണ്. ജെയിഡനേപ്പോലെ വിശുദ്ധ രൂപങ്ങളെ ഇത്തരത്തില്‍ പുനരുദ്ധരിച്ച് നല്‍കുന്നവര്‍, പ്രത്യേകിച്ച് ചെറുപ്പക്കാര്‍ കുറവാണെന്നാണ് ഡൂള്‍സ് നോംബ്രെ ഡി മറിയ കത്തീഡ്രല്‍ ബസലിക്കയുടെ അഡ്മിനിസ്ട്രേറ്ററായ പാബ്ലോ പറയുന്നത്. നല്ല ദൈവവിശ്വാസത്തില്‍ വളര്‍ന്നുവരുന്ന ജെയിഡന് ഒരു കത്തോലിക്കാ പുരോഹിതനാകണമെന്നാണ് ആഗ്രഹം.