News - 2025
ശ്രീലങ്കയില്‍ ഇന്നു ദേശീയ ദുഃഖാചരണം
സ്വന്തം ലേഖകന്‍ 23-04-2019 - Tuesday
കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തു ഇന്നു ദേശീയ ദുഃഖാചരണം നടത്തും. പ്രസിഡന്റ് സെക്രട്ടേറിയറ്റാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി മൂന്നംഗ സമിതിയെ പ്രസിഡന്റ് നിയോഗിച്ചു. രണ്ടാഴ്ചയ്ക്കകം സമിതി റിപ്പോര്‍ട്ട് നല്‍കും. അതേസമയം സ്ഫോടന പരമ്പരയെക്കുറിച്ചുള്ള അന്വേഷണത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാരിനെ സഹായിക്കാനായി ഇന്റര്‍ പോള്‍ പ്രത്യേക സംഘത്തെ അയച്ചിട്ടുണ്ട്.
സ്ഫോടകവസ്തു വിദഗ്ധരും ഭീകരവിരുദ്ധ പ്രവര്‍ത്തനത്തില്‍ പ്രത്യേക പരിശീലനം നേടിയവരും സംഘത്തിലുണ്ട്. ഇതിനിടെ ചാവേർ സ്ഫോടനം നടത്തിയ ഏഴു പേരും ശ്രീലങ്കൻ പൗരന്മാരാണെന്നു മന്ത്രി സേനാരത്നെ പറഞ്ഞു. സ്ഫോടനത്തിനു വിദേശരാജ്യത്തുനിന്നുള്ള സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ സെന്‍ട്രല്‍ കൊളംബോ ബസ് സ്റ്റേഷനില്‍ 87 ബോംബ് ഡിറ്റണേറ്ററുകള്‍ കണ്ടെത്തി. ആദ്യം 12 ബോംബ് ഡിറ്റണേറ്ററുകളാണു കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണത്തിലാണ് 75 എണ്ണംകൂടി കണ്ടെത്തിയത്.