News

ശ്രീലങ്കയെ ആശ്വസിപ്പിച്ച് സുവിശേഷവത്കരണ തിരുസംഘ അധ്യക്ഷന്‍

സ്വന്തം ലേഖകന്‍ 25-05-2019 - Saturday

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ചാവേര്‍ ആക്രമണങ്ങള്‍ നടന്ന ദേവാലയങ്ങള്‍ സന്ദര്‍ശിച്ച് വത്തിക്കാന്‍ സുവിശേഷവത്ക്കരണ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കർദ്ദിനാൾ ഫെർണാണ്ടോ ഫിലോനി. സന്ദർശനത്തിൽ കൊളംബോ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാൽകം രഞ്ജിത്തും അനുഗമിച്ചിരിന്നു. അക്രമം നടന്ന സ്ഥലങ്ങളില്‍ ഇരുവരും പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. ആക്രമത്തില്‍ പരിക്കേറ്റവരും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളും പ്രാർത്ഥന ശുശ്രുഷയിൽ സന്നിഹിതരായിരുന്നു. അവരെ ആശ്വസിപ്പിക്കുവാന്‍ കര്‍ദ്ദിനാള്‍ പ്രത്യേകം സമയം കണ്ടെത്തി.

സുവിശേഷവത്കരണത്തിനു കൂടുതല്‍ പരിഗണന നൽകണമെന്നും കത്തോലിക്ക സ്ഥാപനങ്ങൾക്ക് പുറമെ പ്രവർത്തനം വ്യാപിപ്പിക്കണമെന്നും കർദ്ദിനാൾ ഫിലോനി ആഹ്വാനം നൽകി. മെയ് 22നു ശ്രീലങ്കയില്‍ എത്തിയ അദ്ദേഹം കൊളംബോ സെന്‍റ് ആന്‍റണി ദേവാലയത്തിന്റെ പുനർനിർമാണത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. പിറ്റേന്നു ആക്രമണം നടന്ന നെഗൂംബോ സെന്‍റ് സെബാസ്റ്റ്യൻ ദേവാലയത്തിന്റെ പുതിയ സെമിത്തേരി ചാപ്പലിനും കര്‍ദ്ദിനാള്‍ തറകല്ലിട്ടു.

ആഗോള സഭയുടെ തലവനായ ഫ്രാൻസിസ് പാപ്പയുടെ സ്നേഹവും കരുതലുമായാണ് കർദ്ദിനാൾ ഫിലോനി വന്നതെന്ന് കാരിത്താസ് സംഘടനയുടെ ദേശീയ അധ്യക്ഷൻ ഫാ. മഹേന്ദ്ര ഗുണത്തില്ലേകെ പറഞ്ഞു. ബിഷപ്പുമാരുമായും വൈദികരുമായും സന്യസ്തരുമായും കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഇന്നലെയാണ് ശ്രീലങ്കയിൽ നിന്ന് മടങ്ങിയത്. ഏപ്രിൽ ഇരുപത്തിയൊന്നിന് ഇസ്ളാമിക തീവ്രവാദികള്‍ ശ്രീലങ്കയില്‍ നടത്തിയ സ്‌ഫോടനത്തിൽ ഇരുനൂറിലധികം വിശ്വാസികളാണ് മരണമടഞ്ഞത്.

More Archives >>

Page 1 of 453