News - 2024

ഗര്‍ഭഛിദ്രം മാപ്പില്ലാത്ത കുറ്റം: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 26-05-2019 - Sunday

വത്തിക്കാന്‍ സിറ്റി: ഗര്‍ഭഛിദ്രത്തെ ശക്തമായ ഭാഷയിൽ വിമർശിച്ച് കൊണ്ട് വീണ്ടും ഫ്രാന്‍സിസ് പാപ്പ. അല്‍മായർക്കും, കുടുംബങ്ങൾക്കും, ജീവനുമായുള്ള വത്തിക്കാൻ തിരുസംഘവും, "ഹേർട്ട് ഇൻ എ ഡ്രോപ്പ്" ഫൗണ്ടേഷനുമായി സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഓരോ ശിശുവും, ഒരു കുടുംബത്തിന്റെ തന്നെ ചരിത്രം മാറ്റിമറിക്കുന്ന സമ്മാനമാണെന്നും ഗര്‍ഭഛിദ്രം മാപ്പില്ലാത്ത കുറ്റമാണെന്നും പാപ്പ പറഞ്ഞത്. എല്ലാ കുഞ്ഞുങ്ങളും സ്വീകരിക്കപ്പെടുകയും, സ്നേഹിക്കപ്പെടുകയും കരുതപ്പെടുകയും ചെയ്യണമെന്ന് പാപ്പ പറഞ്ഞു.

ഗർഭധാരണം നടന്ന് ആദ്യ ആഴ്ചകളിൽ തന്നെ ദൗർബല്യങ്ങൾ കണ്ടെത്താൻ സാധിക്കുന്ന ആധുനിക മെഡിക്കൽ രീതികളെ പറ്റി സന്ദേശത്തില്‍ പാപ്പ പരാമർശം നടത്തി. കുട്ടിക്ക് അസുഖങ്ങൾ ഉണ്ടെന്ന സംശയം തന്നെ ഗർഭധാരണത്തിന്റെ അനുഭവങ്ങൾ മാറ്റിമറിക്കാൻ ഉതകുന്നതാണെന്ന് പാപ്പ പറഞ്ഞു. ഇത് ദമ്പതിമാരെയും അമ്മമാരെയും വിഷാദത്തിലേക്ക് തള്ളി വിട്ടേക്കാമന്നും ഫ്രാൻസിസ് മാർപാപ്പ മുന്നറിയിപ്പുനൽകി.

ഭ്രൂണഹത്യ ഒന്നിനും ഒരു ഉത്തരമല്ല. അതിനാൽ ഗർഭിണിയായിരിക്കുന്ന സമയത്ത് കുട്ടിക്ക് ദൗർബല്യങ്ങൾ ഉണ്ടോ എന്ന് മനസ്സിലാക്കി ഭ്രൂണഹത്യക്ക് തയ്യാറാകുന്നതിനെ പ്രോത്സാഹിപ്പിക്കരുതെന്നും പാപ്പ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവരോട് പറഞ്ഞു. ഇങ്ങനെ ഭ്രൂണഹത്യ നടത്തുന്നതിനെ മനുഷ്യത്വരഹിതമായ ദയാവധത്തോടാണ് മാർപാപ്പ തുലനം ചെയ്തത്. ദൗർബല്യങ്ങളോടു കൂടിയ കുട്ടികളെ സ്വീകരിച്ച കുടുംബങ്ങള അഭിനന്ദിച്ചാണ് പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

ജീവിക്കാനുള്ള അവകാശമില്ല എന്ന് പൊതുസമൂഹം പറയുന്ന ശാരീരികവും, മാനസികവുമായ ദൗർബല്യങ്ങളോടു കൂടിയ കുട്ടികൾക്കായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ഹേർട്ട് ഇൻ എ ഡ്രോപ്പ് ഫൗണ്ടേഷൻ. ഇന്നലെയാണ് വത്തിക്കാനിൽ സമ്മേളനം നടന്നത്.

More Archives >>

Page 1 of 453