News - 2024
മിസിസാഗ രൂപത യാഥാര്‍ത്ഥ്യമായി: ദൗത്യമേറ്റെടുത്ത് മാര്‍ ജോസ് കല്ലുവേലില്‍
സ്വന്തം ലേഖകന്‍ 27-05-2019 - Monday
മിസിസാഗ: നൂറുകണക്കിന് വിശ്വാസികളെ സാക്ഷിയാക്കി കാനഡയില്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രലില്‍ രൂപതയുടെ ഉദ്ഘാടനവും പ്രഥമ മെത്രാന്‍ മാര്‍ ജോസ് കല്ലുവേലിലിന്റെ അഭിഷേകവും നടന്നു. തിരുകര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. പുതിയ രൂപതയെ നയിക്കാന്‍ നിയുക്തനായത് നല്ലിടയനാണെന്നതില്‍ ഓരോരുത്തര്‍ക്കും അഭിമാനിക്കാമെന്ന മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ പ്രഖ്യാപനം വിശ്വാസികള്‍ കരഘോഷത്തോടെയാണു സ്വീകരിച്ചത്.
കാനഡയിലെ അപ്പസ്‌തോലിക് നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ലൂയിജി ബൊണാസി, ടൊറന്റോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ തോമസ് കോളിന്‍സ്, കനേഡിയന്‍ ബിഷപ്‌സ് കോണ്ഫകറന്‍സ് വൈസ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. റിച്ചാര്‍ഡ് ഗാനന്‍, കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ഷിക്കാഗോ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, കാനഡയിലെ കല്‍ദായ ബിഷപ്പ് ബവായ് സോറോ, കിങ്സ്റ്റണ്‍ ആര്‍ച്ച് ബിഷപ്പ് മിഷേല്‍ മുല്‍ഹാള്‍, എഡ്മിന്റനിലെ യുക്രേനിയന്‍ ബിഷപ്പ് ഡേവിഡ് മോട്ടിയക് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പതിനെട്ടു മിഷന്‍ സെന്ററുകളും ഏതാനും വൈദികരുമെന്ന നിലയില്‍നിന്ന് സ്വന്തമായി നാലു ദേവാലയങ്ങള്‍ ഉള്‍പ്പെടെ അന്‍പതിലേറെ ആരാധനാസമൂഹങ്ങളും ഇരുപത്തഞ്ചിലേറെ വൈദികരും പത്തിലേറെ സന്യസ്തരും ആറു സെമിനാരി വിദ്യാര്‍ഥികളുമെന്ന നിലയിലേക്കു മിസിസാഗ രൂപതയെ എത്തിച്ചതില്‍ മാര്‍ ജോസ് കല്ലുവേലിലിനെ പേപ്പല്‍ പ്രതിനിധി ലൂയിജി ബൊണാസിയും കര്‍ദ്ദിനാള്‍ തോമസ് കോളിന്‍സും അഭിനന്ദിച്ചു. പാലക്കാട് രൂപതയില്‍നിന്നു മെത്രാനാകുന്ന ആദ്യവൈദികനാണ് മാര്‍ ജോസ് കല്ലുവേലില്‍. ഭാരതത്തിനു പുറത്ത് സീറോ മലബാര്‍ സഭയുടെ നാലാമത്തെ രൂപതയാണ് മിസിസാഗ രൂപത.