News - 2024
ഭ്രൂണഹത്യ നിയന്ത്രണ നിയമങ്ങൾ ആത്മവിശ്വാസം പകരുന്നു: യുഎസ് പ്രോലൈഫ് കമ്മിറ്റി അധ്യക്ഷന്‍
സ്വന്തം ലേഖകന്‍ 27-05-2019 - Monday
വാഷിംഗ്ടണ്‍ ഡിസി: വിവിധ അമേരിക്കൻ സംസ്ഥാനങ്ങൾ പാസാക്കിയ ഭ്രൂണഹത്യ നിയന്ത്രണ നിയമങ്ങൾ ആത്മവിശ്വാസം നല്‍കുന്നതാണെന്നു അമേരിക്കൻ മെത്രാൻ സമിതിയുടെ പ്രോലൈഫ് കമ്മിറ്റി അധ്യക്ഷന്‍ ആർച്ച് ബിഷപ്പ് ജോസഫ് നൗമാൻ. സംസ്ഥാനങ്ങൾ പ്രോലൈഫ് നിയമങ്ങൾ പാസാക്കുന്നത് സമൂഹം ഗർഭസ്ഥ ശിശുക്കളെ വിലപ്പെട്ടതായി കരുതുന്നതിലേയ്ക്കും, അവരുടെ അടിസ്ഥാന അവകാശമായ ജീവൻ സംരക്ഷിക്കപ്പെടുന്നതിലേയ്ക്കും നയിക്കപ്പെടുമെന്നു അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അമ്മമാർക്കും, കുട്ടികൾക്കും സംരക്ഷണം വർദ്ധിപ്പിക്കുക, ഭ്രൂണഹത്യ എന്ന വിപത്ത് അവസാനിപ്പിക്കുക എന്നതാണ് എല്ലാകാലത്തും പ്രോലൈഫ് പ്രസ്ഥാനങ്ങളുടെ മുഖ്യമായ രണ്ട് ഉദ്ദേശങ്ങളെന്ന് ആർച്ച് ബിഷപ്പ് ജോസഫ് നൗമാൻ ചൂണ്ടിക്കാട്ടി. ഭ്രൂണഹത്യയെ പൂര്‍ണ്ണമായി മാറ്റുകയാണ് തങ്ങളുടെ പരമമായ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അലബാമയും, ജോർജിയയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഭ്രൂണഹത്യക്കു വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ശക്തമായ നിയമങ്ങള്‍ അടുത്തിടെയാണ് പാസാക്കിയത്. അമേരിക്ക ഭരിക്കുന്ന ട്രംപ് ഭരണകൂടം പ്രോലൈഫ് നിയമങ്ങള്‍ക്ക് ശക്തമായ പിന്തുണയാണ് നല്‍കുന്നത്.