News - 2024
ജയിലില്‍ കഴിയുന്ന മുന്‍ ബ്രസീലിയന്‍ പ്രസിഡന്റിന് പാപ്പയുടെ സാന്ത്വന കത്ത്
സ്വന്തം ലേഖകന്‍ 30-05-2019 - Thursday
ബ്രസീലിയ: കഴിഞ്ഞ ഒരു വര്‍ഷമായി ജയിലില്‍ കഴിയുന്ന ലുല എന്നറിയപ്പെടുന്ന മുന്‍ ബ്രസീലിയന്‍ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലൂല ഡി സില്‍വക്ക് പ്രത്യാശയുടെ വാക്കുകളുമായി ഫ്രാന്‍സിസ് പാപ്പയുടെ കത്ത്. മനുഷ്യജീവിതത്തേയും, സ്വാതന്ത്ര്യത്തേയും ബഹുമാനിക്കുവാനും, യേശു ക്രിസ്തുവില്‍ വിശ്വസിക്കുവാനും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഇക്കഴിഞ്ഞ മെയ് 3നു പാപ്പ കത്തയച്ചത്. ഇക്കാര്യം കഴിഞ്ഞ ദിവസമാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി സ്ഥിരീകരിച്ചത്.
അവസാനം നന്മ തിന്മയുടെ മേല്‍ വിജയം വരിക്കുമെന്നും, സത്യം അസത്യത്തേയും, രക്ഷ ശിക്ഷയേയും മറികടക്കുമെന്നും പാപ്പ തന്റെ കത്തിലൂടെ ലുലയെ ഓര്‍മ്മിപ്പിച്ചു. യേശുവിന്റെ പുനരുത്ഥാനത്തില്‍ വിശ്വസിക്കുവാനും, ധൈര്യം കൈവെടിയാതിരിക്കുവാനും പാപ്പ ഉപദേശിച്ചു. ജീവിതത്തിന്റെ അടിസ്ഥാന മൂല്യങ്ങളേയും, സ്വാതന്ത്ര്യത്തേയും, മാനുഷിക അന്തസിനേയും വിലമതിക്കുകയാണെങ്കില്‍ രാഷ്ട്രീയം കരുണയുടെ ഒരു ഉദാത്ത മാതൃകയായി മാറുമെന്നും പാപ്പ കത്തില്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
മനുഷ്യാവകാശ സംരക്ഷണത്തിനായി ഫ്രാന്‍സിസ് പാപ്പ നടത്തുന്ന ശ്രമങ്ങള്‍ക്ക് നന്ദി അറിയിച്ചുകൊണ്ടും, ബ്രസീലിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തിക്കൊണ്ടും ലുല മാര്‍പാപ്പക്കെഴുതിയ കത്തിനുള്ള പ്രതികരണമായിട്ടായിരിന്നു പാപ്പയുടെ മറുപടി കത്ത്. സ്വന്തം രാഷ്ട്രത്തെ സേവിക്കുവാനും, ജനതയെ സംരക്ഷിക്കുവാനും ചുമതലപ്പെട്ടവര്‍ക്ക് രാഷ്ട്രീയ ഉത്തരവാദിത്വങ്ങള്‍ ഒരു സ്ഥിരം വെല്ലുവിളിയാണെന്ന കാര്യം പാപ്പ ലുലയെ ഓര്‍മ്മിപ്പിച്ചു.
2003 മുതല്‍ 2010 വരെ ബ്രസീലിനെ നയിച്ച ലുല സാമ്പത്തിക തിരിമറികളുടേയും, അഴിമതിയുടേയും പേരിലാണ് ജയിലിലാകുന്നത്. 9 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് അദ്ദേഹത്തിന് വിധിച്ചിരിക്കുന്നത്. തടവറയിലാണെങ്കിലും ജനങ്ങള്‍ക്കിടയില്‍ ഇപ്പോഴും സ്വാധീനമുള്ള വ്യക്തിയാണ് ബ്രസീലിലെ ആദ്യത്തെ പ്രധാന സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനായ ലുല. എന്നാല്‍ അബോര്‍ഷന്‍, വിവാഹം, കുടുംബം എന്നീക്കാര്യങ്ങളില്‍ ലുല പുലര്‍ത്തിയിരുന്ന കത്തോലിക്കാ വിരുദ്ധനിലപാടുകള്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരിന്നു. ഈ സാഹചര്യത്തില്‍ ഫ്രാന്‍സിസ് പാപ്പ ലുലക്കെഴുതിയ കത്ത് ശ്രദ്ധേയമാകുകയാണ്.