India - 2025
ലവ് ജിഹാദ്: പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
സ്വന്തം ലേഖകന്‍ 24-09-2019 - Tuesday
കോഴിക്കോട്: പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഭീഷണിപ്പെടുത്തി ഇസ്ലാമിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു ശ്രമിച്ച സംഭവത്തില്‍ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നടുവണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ജാസിമിന്റെ അപേക്ഷയാണു കോടതി തള്ളിയത്. ഉടന്‍ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ കീഴടങ്ങണമെന്നാണു സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്. മുഹമ്മദ് ജാസിമിന്റെ നടുവണ്ണൂരിലെ വീട്ടിലും ബന്ധുവീടുകളിലും നിരീക്ഷണം തുടരുകയാണെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് 'ദീപിക'യോടു പറഞ്ഞു. ജാമ്യമില്ലാ വകുപ്പുപ്രകാരമാണു ജാസിമിനെതിരേ കേസ്. മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതിയിലെത്തിയപ്പോള്‍ ജാമ്യം അനുവദിക്കരുതെന്നു പോലീസ് ശക്തമായ നിലപാടു സ്വീകരിച്ചതായും കമ്മീഷണര്‍ അറിയിച്ചു.
കോഴിക്കോട് കോച്ചിംഗ് സെന്ററില്‍ വിദ്യാര്‍ഥികളായ ജാസിമും പെണ്‍കുട്ടിയും സൗഹൃദത്തിലായിരുന്നു. ജൂലൈ ഏഴിനു ഉച്ചകഴിഞ്ഞ് മൂന്നോടെ പെണ്‍കുട്ടിയും രണ്ടു കൂട്ടുകാരികളും നഗരത്തിലെ തന്നെ സരോവരം പാര്‍ക്ക് സന്ദര്‍ശിക്കാന്‍ പോയ സമയത്ത് അവിചാരിതമെന്നോണം അവിടെയെത്തിയ മുഹമ്മദ് ജാസിം പെണ്‍കുട്ടിക്കു ജ്യൂസ് നല്‍കി. ജ്യൂസ് കഴിച്ചു പെണ്‍കുട്ടി അബോധാവസ്ഥയിലായി. തുടര്‍ന്ന് പാര്‍ക്കിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ചു മാനഭംഗപ്പെടുത്തുകയും ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.
ഈ ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്ന ഭീഷണി മുഴുക്കി പെണ്‍കുട്ടിയെ ജാസിം നിരന്തരം മാനസിക സമ്മര്‍ദ്ധത്തിലാഴ്ത്തുകയും പണം കൈപ്പറ്റുകയും ചെയ്തു. ഇതിനു പുറമേയാണ് തം മാറാന്‍ ശക്തമായ സമ്മര്‍ദ്ധം നടത്തിയത്. പുറത്തു വിവരം പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇതിനിടെ പെണ്‍കുട്ടി താമസിച്ചു കൊണ്ടിരിന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപമുള്ള ഹോസ്റ്റലില്‍നിന്നു വീട്ടിലേക്കു പോയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ യുവാവിന്റെ നേതൃത്വത്തില്‍ സംഘം ശ്രമിച്ചു. ഇതിന്റെ വീഡിയോ ക്ലിപ്പിംഗ് ഇന്റലിജന്‍സ് ശേഖരിച്ചിട്ടുണ്ട്.
ഇതെല്ലാം വ്യക്തമാക്കി പെണ്‍കുട്ടിയുടെ പിതാവ് ഓഗസ്റ്റ് അഞ്ചിനു നടക്കാവ് പോലീസില്‍ പരാതി നല്‍കി. വിശദമായ മൊഴി രേഖപ്പെടുത്തി എഫ്ഐആര്‍ തയാറാക്കി കേസെടുത്തു. സംഭവം നടന്നതു മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ അവിടേക്കു കൈമാറുകയും മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കി പെണ്‍കുട്ടിയുടെ രഹസ്യമൊഴി എടുക്കുകയും ചെയ്തു. എന്നാല്‍ പോലീസ് നിഷ്ക്രിയത്വം തുടര്‍ന്നതില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. കഴിഞ്ഞ ദിവസം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐബി)യും പെണ്‍കുട്ടിയുടെ മൊഴിയെടുത്തിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.