India - 2025
ആര്‍ച്ച് ബിഷപ്പ് സൂസപാക്യം ദൈവം ഒരുക്കിയ ഇടയ ശ്രേഷ്ഠന്‍: കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ
21-12-2019 - Saturday
തിരുവനന്തപുരം: ദൈവം ഒരുക്കിയ ഇടയ ശ്രേഷ്ഠനാണ് ഡോ.എം.സൂസപാക്യമെന്ന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യത്തിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലിയോടനുബന്ധിച്ചു പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ അര്‍പ്പിച്ച കൃതജ്ഞതാ ബലിമധ്യേ സന്ദേശം നല്‍കുകയയായിരുന്നു അദ്ദേഹം. വേദപുസ്തകത്തില്‍ നിന്നു സാംശീകരിച്ച നന്മയാണ് ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യത്തിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദൈവം നമ്മുടെ കൂടെയുണ്ടെന്ന് ഉറപ്പു വരുത്തുന്ന ഇടയശ്രേഷ്ഠനാണ് ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം. അദ്ദേഹത്തിന്റെ ഇടയശുശ്രൂഷയെക്കുറിച്ചു അടുത്തറിയുന്നവരാണ് നാം ഓരോരുത്തരും. സ്‌നേഹിതന്‍ യജമാനന്റെ മനസ് സ്വന്തമാക്കുന്നു. കത്തോലിക്കാ സഭയുടെ ഇടയശുശ്രൂഷയിലെ അയല്‍ക്കാരന്‍ എന്ന നിലയില്‍ ആര്‍ച്ച്ബിഷപ് സൂസപാക്യത്തിന്റെ ആത്മീയത മനസിലാക്കുന്നതിനു തനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ദൈവം പകര്‍ന്ന ശക്തിയില്‍ വലിയ ശുശ്രൂഷകള്‍ തിരുസഭയില്‍ നിര്‍വഹിക്കുന്നതിന് അദ്ദേഹത്തിനു സാധിക്കുന്നു.
കേരളത്തിന് അദ്ദേഹം നല്‍കിയ നേതൃത്വത്തിനു നാം കടപ്പെട്ടിരിക്കുന്നു. കെസിബിസി അധ്യക്ഷനായിരുന്നപ്പോള്‍ സഭയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്നിന് അദ്ദേഹത്തിനു സാധിച്ചു. സമൂഹത്തിലെ വിവിധ വിഷയങ്ങളില്‍ ഇടപെട്ടു കൊണ്ട് പ്രത്യാശ കൈവിടാതെ ദൈവത്തിന്റെ പദ്ധതിക്കായി വിശ്വാസികളെ ഒരുക്കാനായെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന കൃതജ്ഞതാബലിയില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ്, വിജയപുരം രൂപതാധ്യക്ഷന്‍ ഡോ.സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍, നെയ്യാറ്റിന്‍കര രൂപതാധ്യക്ഷന്‍ ഡോ.വിന്‍സെന്റ് സാമുവല്‍, പുനലൂര്‍ രൂപതാധ്യക്ഷന്‍ ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, മോണ്‍.ഡോ. വര്‍ക്കി ആറ്റുപുറത്ത്, മോണ്‍.ഡോ. മാത്യു മനക്കരക്കാവില്‍, മോണ്‍.ഡോ. സി.ജോസഫ്, റവ.ഡോ. സോണി മുണ്ടുനടയ്ക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൃതജ്ഞതാബലിയില്‍ നൂറുകണക്കിനു വിശ്വാസികളും സന്യസ്തരും പങ്കുകൊണ്ടു.