India - 2025
വിശുദ്ധ മറിയം ത്രേസ്യയുടെ കബറിടം കേന്ദ്രമന്ത്രി വി. മുരളീധരന്‍ സന്ദര്‍ശിച്ചു
28-12-2019 - Saturday
കുഴിക്കാട്ടുശേരി: വിശുദ്ധ മറിയം ത്രേസ്യയുടെ കബറിടത്തില്‍ കേന്ദ്ര വിദേശകാര്യ പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി.മുരളീധരന്‍ സന്ദര്‍ശനം നടത്തി. കുഴിക്കാട്ടുശേരിയിലെത്തി ചേര്‍ന്ന കേന്ദ്രമന്ത്രി കബറിടത്തില്‍ പ്രാര്‍ത്ഥനാനിരതനായി പുഷ്പങ്ങള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് മ്യൂസിയവും വിശുദ്ധ മറിയം ത്രേസ്യ മരിച്ച മുറിയുമെല്ലാം സന്ദര്‍ശിച്ചു.
സന്ദര്‍ശക ഡയറിയില്‍ മന്ത്രി ഇങ്ങനെ കുറിച്ചു: വിശുദ്ധ മറിയം ത്രേസ്യ അന്ത്യവിശ്രമം കൊള്ളുന്ന ഈ സ്ഥലം സന്ദര്‍ശിക്കാനും അവരുടെ ജീവിതത്തില്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളും ജീവിതചരിത്രവും ഉള്‍കൊള്ളുന്ന മ്യൂസിയം സന്ദര്‍ശിക്കാനും സാധിച്ചതില്‍ ഏറെ സന്തോഷിക്കുന്നു. സമൂഹത്തില്‍ അശരണര്‍ക്കും ആലംബഹീനര്‍ക്കുംവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ആ മഹതിയുടെ സ്മരണകള്‍ക്ക് മുന്നില്‍ പ്രണമിക്കുന്നു. ഏവര്‍ക്കും അവരുടെ ജീവിതം പ്രേരണയാകട്ടെ എന്ന് ആശംസിക്കുന്നു.
കബറിട ദേവാലയം സ്ഥിതി ചെയ്യുന്ന കുഴിക്കാട്ടുശേരിയിലെ തീര്‍ത്ഥകേന്ദ്രത്തിലെത്തിയ മന്ത്രിയെ ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, ഹോളി ഫാമിലി സന്യാസ സമൂഹത്തിന്റെ മദര്‍ ജനറാള്‍ മദര്‍ ഉദയ സിഎച്ച്എഫ് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് സ്വീകരിച്ചു. മന്ത്രിയോടൊപ്പം ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് റിഷി പല്‍പ്പു ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നു.