News - 2025
വധശിക്ഷയെ ശക്തമായി എതിര്‍ക്കുന്നുവെന്ന് ആവര്‍ത്തിച്ച് വത്തിക്കാന്‍
സ്വന്തം ലേഖകന്‍ 06-03-2017 - Monday
ജനീവ: വധശിക്ഷ ലോകത്തു നിന്നും തുടച്ചു നീക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ വത്തിക്കാന്‍ പ്രതിനിധി ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെയും മറ്റ് അന്താരാഷ്ട്ര സംഘടനകളുടെയും നേതൃത്വത്തില്‍, ജനീവയില്‍ നടന്ന 34-ാം മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തിലെ ചര്‍ച്ചയിലാണ് വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ച് ബിഷപ്പ് ഇവാന്‍ ജര്‍കോവിക് നയം വ്യക്തമാക്കിയിരിക്കുന്നത്.
"ജീവന്‍ ദൈവീകമായതാണ്. ഗര്‍ഭപാത്രത്തില്‍ ഉരുവാകുമ്പോള്‍ മുതല്‍, സ്വാഭാവികമായി അത് മരണത്തിലൂടെ ലോകത്തില്‍ നിന്നും വേര്‍പ്പെടുന്ന സമയം വരെയും മനുഷ്യ ജീവന് വലിയ മഹത്വമുണ്ട്. ഇതിനാല്‍ തന്നെ ഒരാളുടെ ജീവനെ കവര്‍ന്നെടുക്കുവാന്‍ ആര്‍ക്കും അധികാരമില്ല. ഒരു കുറ്റവാളിക്കു പോലും ജീവിക്കുവാനുള്ള അലംഘനിയമായ അവകാശമുണ്ടെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ പറഞ്ഞിട്ടുള്ളത്. ഈ സാഹചര്യങ്ങളെ മുന്‍നിര്‍ത്തി വധശിക്ഷയെ ശക്തമായി എതിര്‍ക്കുന്നു".
"മനുഷ്യരുടെ ന്യായവിധികളില്‍ പലപ്പോഴും പിഴവുകള്‍ സംഭവിക്കാം. ഇത്തരം പിഴവുകളുള്ള ന്യായവിധിയുടെ പേരില്‍ ഒരാളെ കൊലപ്പെടുത്തുകയും, പിന്നീട് അയാള്‍ നിരപരാധിയാണെന്ന് ബോധ്യം വരുകയും ചെയ്താല്‍ അയാളുടെ ജീവനെ തിരികെ കൊണ്ടുവരുവാന്‍ സാധിക്കുകയില്ല. കുറ്റകൃത്യങ്ങള്‍ക്കെതിരെ ഗുണപരമായ മാറ്റങ്ങള്‍ വധശിക്ഷമൂലം ഉണ്ടാകുമെന്ന് ഒരു പഠനവും ഇതുവരെ തെളിയിച്ചിട്ടുമില്ല. ഇക്കാര്യങ്ങള്‍ എല്ലാം മുഖവിലയ്ക്ക് എടുക്കുമ്പോള്‍ വധശിക്ഷ എന്നത് നമ്മുടെ സമൂഹത്തില്‍ ഒഴിവാക്കേണ്ട ഒന്നാണെന്ന കാര്യം ബോധ്യമാകും". ആര്‍ച്ച് ബിഷപ്പ് ഇവാന്‍ ജര്‍കോവിക് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അന്താരാഷ്ട്ര തലത്തില്‍ വധശിക്ഷ നിര്‍ത്തലാക്കുവാന്‍ വേണ്ടി ശ്രമിക്കുന്ന യുഎന്നിന്റെ ശ്രമങ്ങളെ വത്തിക്കാന്‍ പ്രസ്താവനയില്‍ പ്രശംസിക്കുന്നുണ്ട്. ജീവന്‍ ദൈവത്തിന്റെ ദാനമാണെന്നും അതിന്റെ മഹത്വം തിരിച്ചറിയണമെന്നും സഭ എല്ലായ്‌പ്പോഴും പഠിപ്പിക്കുന്നുണ്ട്. ഇതിന്റെ പ്രതിഫലനം കൂടിയാണ് വത്തിക്കാൻ പ്രതിനിധി ഐക്യരാഷ്ട്ര സഭയിൽ നടത്തിയ പുതിയ പ്രസ്താവന.