News - 2025
ബൈബിളിലെ സെന്നാക്കെരിബ് രാജാവിന്റെ കൊട്ടാരം ഗവേഷകര്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍ 06-03-2017 - Monday
മൊസൂള്‍: ബൈബിളിലെ പഴയനിയമത്തില്‍ വിവരിക്കുന്ന അസ്സീറിയന്‍ രാജാവായ സെന്നാക്കെരിബിന്റെ കൊട്ടാരം സ്ഥിതി ചെയ്തിരുന്ന സ്ഥലം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. പ്രവാചകനായ യോനായുടെ കബറിടത്തിന് താഴെയാണ് സെന്നാക്കെരിബിന്റെ കൊട്ടാരം ഗവേഷക സംഘം കണ്ടെത്തിയത്. ഐഎസ് തീവ്രവാദികള്‍ തകര്‍ത്ത യോനായുടെ കബറിടം പരിശോധിക്കാനായി എത്തിയ സംഘം അവിചാരിതമായി കൊട്ടാരം കണ്ടെത്തുകയായിരിന്നു.
പഴയനിയമത്തിലെ 2 ദിനവൃത്താന്തം 32-ാം അധ്യായത്തിലാണ് ഇസ്രായേല്‍ ജനത്തെ ആക്രമിച്ച അസ്സീറിയന്‍ രാജാവായ സെന്നക്കെരിബിനെ പറ്റി പറയുന്നത്. ലൈല സാലിഹിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് കൊട്ടാരം കണ്ടെത്തിയത്. ഈ വിവരം 'ദ ടെലിഗ്രാം' ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ലൈല സാലിഹ് സ്ഥിരീകരിച്ചു.
"ഐഎസ് നശിപ്പിച്ചിട്ടു പോയ ഈ പ്രദേശത്തു നിന്നും ഇത്തരമൊരു ചരിത്ര പ്രാധാന്യമുള്ള കൊട്ടാരം കണ്ടെത്തുമെന്നു കരുതിയിരുന്നില്ല. തീവ്രവാദികള്‍ ഈ പ്രദേശത്ത് മുന്‍കൂട്ടി എത്തിയിരുന്നതിനാല്‍ തന്നെ വിലപിടിപ്പുള്ള പല ചരിത്ര രേഖകളും, സാധനങ്ങളും അവര്‍ കവര്‍ന്നിരിക്കണം. അതിനെ സംബന്ധിക്കുന്ന കണക്കുകള്‍ ഇപ്പോള്‍ പറയുവാന്‍ സാധിക്കില്ല. എന്നാല്‍ അവര്‍ ഇവിടെ ഉപേക്ഷിച്ചിട്ടു പോയ നിരവധി വസ്തുക്കള്‍ തന്നെ പഠനത്തിന് ധാരാളമാണ്". ലൈല സാലിഹ് പറഞ്ഞു.
2014 മുതല്‍ സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ച ഐഎസ് തീവ്രവാദികള്‍ നിരവധി ചരിത്ര സ്ഥലങ്ങളും, കെട്ടിടങ്ങളും, രേഖകളും നശിപ്പിച്ചിരുന്നു. ക്രൈസ്തവ ദേവാലയങ്ങളും, വിശുദ്ധരുടെ കബറിടങ്ങളും നശിപ്പിക്കുന്നതിലൂടെ ക്രൈസ്തവ പൈതൃകത്തെ തന്നെ ഈ രാജ്യങ്ങളില്‍ നിന്നും തുടച്ചു നീക്കുവാനാണ് ഐഎസ് ലക്ഷ്യമിട്ടിരുന്നത്.