News - 2025
മെക്സിക്കോയില്‍ വൈദികന്‍ കുത്തേറ്റ് മരിച്ചു
സ്വന്തം ലേഖകന്‍ 07-07-2017 - Friday
മെക്ക്കോ സിറ്റി: മെക്സിക്കോയില്‍ അക്രമികളുടെ കുത്തേറ്റ് വൈദികന്‍ കൊല്ലപ്പെട്ടു. സാൻ ഇസിഡോർ ലബ്രഡോർ ഇടവക വികാരി ഫാ. ലൂയിസ് ലോപസ് വില്ലയാണ് വധിക്കപ്പെട്ടത്. വൈദികന്‍ താമസിച്ചിരിന്ന മുറിയില്‍ ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ദേവാലയത്തിലും വൈദിക മന്ദിരത്തിലും പ്രവേശിച്ച അക്രമികളുടെ ബഹളം കേട്ട് പ്രദേശവാസികളാണ് ദേവാലയ അധികൃതരെ വിവരമറിയിച്ചത്. കൈക്കാലുകൾ ബന്ധിച്ച് കഴുത്തിലും നെഞ്ചിലും കുത്തേറ്റ നിലയിലാണ് എഴുപത്തിയൊന്നുകാരനായ വൈദികന്റെ മൃതദ്ദേഹം കണ്ടെത്തിയത്.
അതേ സമയം അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മെക്സിക്കോയിൽ കഴിഞ്ഞ ആറു വർഷത്തിനിടയിൽ കൊല്ലപ്പെടുന്ന പതിനെട്ടാമത്തെ വൈദികനാണ് ഫാ.വില്ല. നെസാഹുൾകൊയോട്ടിൽ രൂപതയും മെക്സിക്കന്‍ സഭയും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. പുരോഹിതന്റെ ആത്മശാന്തിയ്ക്കായും അക്രമികളുടെ മാനസാന്തരത്തിനായും ബിഷപ്സ് സമിതിയും വിവിധ രൂപതകളും പ്രാര്‍ത്ഥന നടത്തി.
ഇത്തരം കൊലപാതകങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ കുറ്റവാളികളെ ന്യായമായി ശിക്ഷിക്കണമെന്ന് മെക്സിക്കോ ആർച്ച് ബിഷപ്പ് കർദിനാൾ നോർബെർട്ടോ റിവേറ പറഞ്ഞു. പുരോഹിതർക്കു നേരെയുള്ള ആക്രമണങ്ങളും തട്ടികൊണ്ടു പോയി ബന്ധികളാക്കി പാർപ്പിക്കുന്ന അനേകം സംഭവങ്ങൾ, മെക്സിക്കോയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇക്കഴിഞ്ഞ മെയ് മാസത്തിൽ മെക്സിക്കോ കത്തീഡ്രൽ ദേവാലയത്തിലെ വിശുദ്ധ കുര്‍ബാന മദ്ധ്യേ വൈദികനു കുത്തേറ്റിരിന്നു.