News - 2025
ഫ്രാന്‍സിസ് പാപ്പാ അഭിനയിച്ച സിനിമയുടെ ആദ്യ പ്രദര്‍ശനം വത്തിക്കാനില്‍
സ്വന്തം ലേഖകന്‍ 21-09-2017 - Thursday
വത്തിക്കാന്‍ സിറ്റി: ആദ്യമായി ഫ്രാന്‍സിസ് പാപ്പാ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്ന ‘ബിയോണ്ട് ദി സണ്‍’ എന്ന സിനിമയുടെ പ്രഥമപ്രദര്‍ശനം വത്തിക്കാനില്‍ വെച്ച് നടന്നു. വത്തിക്കാനിലേയും ഇറ്റലിയിലേയും ഉദ്യോഗസ്ഥര്‍ക്കായി 50 സീറ്റുള്ള തിയറ്ററില്‍ വെച്ചായിരുന്നു ആദ്യ പ്രദര്‍ശനം. കത്തോലിക്കാ സന്ദേശങ്ങള്‍ സിനിമയിലൂടെ പ്രചരിപ്പിക്കുവാനുള്ള പാപ്പായുടേയും, വത്തിക്കാന്റേയും പദ്ധതിയുടെ ആദ്യപടിയായാണ് ഈ സിനിമ വിലയിരുത്തപ്പെടുന്നത്. സാന്‍ ജസ്റ്റോയിലെ മെത്രാനായ എഡ്വാര്‍ഡോ ഗ്രാസിയായുടെ നിര്‍ദ്ദേശപ്രകാരം അംബി പിക്ചേഴ്സാണ് ഈ സിനിമ നിര്‍മ്മിച്ചിട്ടുള്ളത്.
സിനിമയുടെ മധ്യത്തിലും അവസാനവുമായി ഏതാണ്ട് 6 മിനിട്ടോളമാണ് ഫ്രാന്‍സിസ് പാപ്പാ ഉള്ളത്. സുവിശേഷം എപ്രകാരം വായിക്കണമെന്ന് കുട്ടികളുടെ പഠിപ്പിക്കുന്ന ഒരാളായി ചെറുതും എന്നാല്‍ വളരെ പ്രാധാന്യമുള്ള ഒരു വേഷമാണ് ഫ്രാന്‍സിസ് പാപ്പാ ചെയ്യുന്നത്. വളരെയേറെ സുരക്ഷാക്രമീകരണങ്ങള്‍ക്കിടയിലാണ് പാപ്പായുടെ ഭാഗം ചിത്രീകരിച്ചതെന്ന്‍ അംബി പിക്ചേഴ്സിന്റെ സ്ഥാപകരിലൊരാളായ ഇര്‍വോളിനോ പറഞ്ഞു.
തിരക്കഥയൊന്നുമില്ലാതെ ഒറ്റ ഷോട്ടിലാണ് പാപ്പായുടെ ഭാഗം ചിത്രീകരിച്ചതെന്നും, അതൊരു അവിസ്മരണീയമായ അനുഭവമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യേശുവിന്റെ സന്ദേശങ്ങള്‍ കുട്ടികളിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള കുടുംബചലച്ചിത്രമാണ് 'ബിയോണ്ട് ദി സണ്‍'. സിനിമയില്‍ നിന്നും കിട്ടുന്ന വരുമാനം അര്‍ജന്റീനയിലെ പാവപ്പെട്ട കുട്ടികളുടെ സഹായത്തിനായി ഉപയോഗിക്കും.
മതബോധന ക്ലാസ്സിനുശേഷം വീടുവിട്ട് യേശുവിനെ അന്വേഷിച്ചു പോകുന്ന അഞ്ച് കുട്ടികളുടെ കഥയാണ് സിനിമ പറയുന്നത്. ഫ്രാന്‍സിസ് പാപ്പായെ കൂടാതെ ഐഡന്‍ കുമ്മിംഗ്, കോറി ഗ്രുട്ടര്‍ ആണ്ട്ര്യൂ, എമ്മാ ഡൂക്ക്, കൈല്‍ ബ്രെയിറ്റ്കോഫ്, സെബാസ്റ്റ്യന്‍ അലെക്സാണ്ടര്‍ ചോ എന്നീ ബാലനടന്‍മാരും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പാ ആദ്യപ്രദര്‍ശനത്തിനെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും മെക്സിക്കൊയിലെ ഭൂകമ്പത്തെ തുടര്‍ന്ന് അദ്ദേഹം എത്തിയിരിന്നില്ല. ക്രിസ്തുമസ്സിനോടനുബന്ധിച്ചായിരിക്കും ചിത്രം തിയറ്ററുകളിലെത്തുക.