News
ഉജ്ജയിന്‍ രൂപതയുടെ ആശുപത്രിക്ക് നേരെ ആര്‍എസ്‌എസ് ആക്രമണം
സ്വന്തം ലേഖകന്‍ 12-03-2018 - Monday
ഉജ്ജയിന്‍: മധ്യപ്രദേശിലെ ഉജ്ജയിന്‍ രൂപതയുടെ മേല്‍നോട്ടത്തിലുള്ള പുഷ്പ മിഷന്‍ ആശുപത്രിക്കു നേരെ തീവ്രഹൈന്ദവ സംഘടനയായ ആര്‍എസ്‌എസിന്റെ ആക്രമണം. മാരകായുധങ്ങളും ജെസിബിയുമായെത്തിയ എത്തിയ സംഘം ഇന്നു രാവിലെ 9.30 ഓടെയാണ് ആശുപത്രി ആക്രമിച്ചത്. ആശുപത്രിയുടെ ഗേറ്റുകളും ജനറേറ്ററുകളും തകര്‍ത്ത ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗങ്ങളിലേക്ക് ഉള്‍പ്പടെയുള്ള വൈദ്യുതി, കുടിവെള്ള സംവിധാനങ്ങള്‍ വിഛേദിച്ചു. വാഹനഗതാഗതം തടസപ്പെടുത്തുവാന്‍ ഗേറ്റിനു സമീപം വലിയ കുഴികള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.
സ്ഥലത്തെ എംപിയും ബിജെപി നേതാവുമായ ചിന്താമണിയുടെ പ്രൈവറ്റ് സെക്രട്ടറി ഗഗന്‍സിംഗിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത്. കത്തികള്‍, സൈക്കിള്‍ ചെയിനുകള്‍ ഉള്‍പ്പടെ മാരകായുധങ്ങളുമായാണ് അക്രമികള്‍ എത്തിയത്. എതിര്‍ക്കാന്‍ ശ്രമിച്ച നഴ്‌സുമാരുടെ സംഘത്തെ ക്രൂരമായി മര്‍ദ്ദിച്ചു. അതേസമയം ആശുപത്രിക്കു നേരെ അക്രമം നടന്ന വിവരം രാവിലെ തന്നെ പോലീസില്‍ അറിയിച്ചെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോലീസോ മറ്റ് ഉദ്യോഗസ്ഥരോ സ്ഥലത്തെത്തിയില്ലെന്നു ഉജ്ജയിന്‍ രൂപത മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗം ഡയറക്ടര്‍ ഫാ. വിനീഷ് മാത്യു പറഞ്ഞു.
തീവ്രഹൈന്ദവ രാഷ്ട്രീയ പ്രസ്ഥാനമായ ബിജെപി ഭാരതത്തില്‍ അധികാരത്തില്‍ വന്നതു മുതല്‍ രാജ്യത്ത് ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണം ശക്തമാണ്. മുന്‍പെങ്ങും ഇല്ലാത്തവിധം രാജ്യത്തെ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്ന്‍ വിവിധ അന്താരാഷ്ട്ര പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരിന്നു. ആര്‍എസ്‌എസ്, വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദള്‍, അഖില്‍ ഭാരതി വന്‍വാസി കല്യാണ്‍ ആശ്രമ് തുടങ്ങിയ തീവ്രസംഘടനകളാണ് ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ ഡിസംബറില്‍ മധ്യപ്രദേശിലെ സത്നയില്‍ വൈദികര്‍ അടക്കമുള്ള കരോള്‍ സംഘത്തിന് നേരെ ബജ്റംഗ്ദള്‍ ആക്രമണം അഴിച്ചുവിട്ടിരിന്നു. ഇതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് അടുത്ത ആക്രമണം.