News - 2025
വിശ്വാസത്തിന്‍ തീജ്വാല ആളികത്തിക്കുവാന്‍ സിറിയന്‍ തെക്ല ആശ്രമം ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍ 07-08-2018 - Tuesday
ഡമാസ്കസ്: യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംനേടിയിട്ടുള്ള സിറിയയിലെ വിശുദ്ധ തെക്ല ഓർത്തഡോക്സ് ആശ്രമം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പൂര്‍ണ്ണമായും തുറന്നുകൊടുക്കാന്‍ ഒരുങ്ങുന്നു. വടക്കു കിഴക്കന്‍ ഡമാസ്ക്കാസില്‍ നിന്നു 55 കിലോമീറ്റര്‍ മാറി മാലോലയിലാണ് ആശ്രമം സ്ഥിതി ചെയ്യുന്നത്. ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്നാണ് ആശ്രമത്തിന് കേടുപാടുകള്‍ സംഭവിച്ചത്. 2014-ൽ ഐഎസ് അധീനതയിൽ നിന്നും വിട്ടുകിട്ടിയ മാലോല നഗരത്തിൽ പുന:നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. യുദ്ധത്തെ തുടർന്ന് ഒഴിഞ്ഞു പോയ സന്യസ്ഥർ ഇതിനോടകം തിരികെയെത്തിയിട്ടുണ്ട്.
പ്രദേശത്ത് ശക്തമായ ആത്മീയ പ്രവർത്തനത്തിന് നേതൃത്വം നല്കിയിരുന്ന സന്യാസസമൂഹത്തിന്റെ തിരിച്ചു വരവ് വിശ്വാസി സമൂഹത്തിന് പ്രത്യാശ പകരുന്നതായി ആശ്രമത്തിലെ വൈദികൻ ഫാ. ഇല്യാസ് അഡസ് പറഞ്ഞു. ആശ്രമത്തിന്റെ പുന:നിർമ്മാണ പ്രവർത്തനങ്ങൾ സമാപന ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധകെടുതികളിൽ നിന്നും മാലോല പ്രദേശവും ദേവാലയവും നവീകരിച്ചതിനെ തുടർന്ന് തീർത്ഥാടകരുടെ പ്രവാഹം തുടരുകയാണ്. സിറിയയിലെ സമാധാന ശ്രമങ്ങൾ ഫലം കണ്ടതായും ഏതാനും ദിവസങ്ങൾക്കുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാകുമെന്ന പ്രതീക്ഷയും ഫാ. ഇല്യാസ് പങ്കുവെച്ചു.
2014-ൽ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ ക്രൈസ്തവ ദേവാലയങ്ങളും ആശ്രമങ്ങളും വ്യാപകനാശത്തിന് ഇരയായിരിന്നു. ആയിരകണക്കിന് ക്രൈസ്തവരാണ് ഭവനരഹിതരായത്. ഇതിനിടെ വിശുദ്ധ തെക്ല ആശ്രമത്തിലെ നാൽപത് കന്യാസ്ത്രീകളിൽ പന്ത്രണ്ട് പേരെ ഐഎസ് തീവ്രവാദികള്‍ തടവിലാക്കി. മൂന്നു മാസങ്ങള്‍ക്ക് ശേഷമാണ് ഇവരെ വിട്ടയച്ചത്. ഐഎസ് പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെട്ട പ്രദേശത്ത് ക്രൈസ്തവ വിശ്വാസത്തിന്റെ ജ്വാല ആളികത്തിക്കുവാന്‍ ഒരുങ്ങുകയാണ് തെക്ല ആശ്രമവും സന്യസ്ഥരും.