News - 2024

നിനവേയില്‍ നിന്ന് ക്രൈസ്തവരെ ഇല്ലാതാക്കുവാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍ 07-08-2018 - Tuesday

ഇർബിൽ: ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളതൊട്ടില്‍ എന്നറിയപ്പെടുന്ന ഇറാഖിലെ നിനവേയില്‍ നിന്നു ക്രൈസ്തവരെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യാന്‍ നീക്കമെന്നു റിപ്പോര്‍ട്ട്. നിനവേയിൽ 450 അറബ് കുടുംബങ്ങളെ താമസിപ്പിക്കുവാന്‍ സര്‍ക്കാര്‍ പ്രത്യേക നീക്കങ്ങള്‍ നടത്തുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നിനവേയിൽ പൂര്‍ണ്ണമായും അറബ് വത്ക്കരണം നടത്തുവാന്‍ നീക്കം നടത്തുകയാണെന്നും ഇതിനെതിരെ ക്രൈസ്തവരും യസീദികളും ഒറ്റക്കെട്ടാണെന്നും ഷബക് എം‌പി സലീം ഷബക് പറഞ്ഞു. ഇതില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യൻ, യസീദി, ഷബക്ക് സമൂഹങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഫെഡറൽ ഭരണകൂടത്തിനും നിനവേ പ്രാവിൻഷ്യൽ കൗൺസിലിനും കത്തയച്ചു.

മുന്നോട്ട് രണ്ടായിരം കുടുംബങ്ങളെ നിനവേയില്‍ പ്രവേശിപ്പിച്ച് പ്രദേശത്തെ ക്രൈസ്തവ യസീദി സമൂഹങ്ങളെ പൂര്‍ണ്ണമായും ഇല്ലാതാക്കുവാനും നീക്കം നടക്കുന്നതായി സലീം ഷബക് ആരോപിച്ചു. അതേസമയം ഇസ്ലാമിക് സ്റ്റേറ്റ്സ് ആക്രമണത്തെ തുടര്‍ന്നു പലായനം ചെയ്ത ക്രൈസ്തവരുടെ പുനരധിവാസത്തിനു തടസ്സങ്ങള്‍ തുടരുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലമാണ് ക്രൈസ്തവര്‍ സ്വദേശത്ത് മടങ്ങിയെത്താൻ മടിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. നാനൂറോളം അസ്സീറിയൻ ക്രൈസ്തവ കുടുംബങ്ങളിൽ പകുതിയോളം കുടുംബങ്ങൾ മാത്രമാണ് തിരികെ വന്നിരിക്കുന്നതെന്ന് ബഹ്സാസാനിയിലെ പാസ്റ്റർ ഫ്രാം അൽഖോരി പറഞ്ഞു.

ഇറാഖിലെ സ്ഥിതിഗതികൾ ശോചനീയമാണെന്നും രാജ്യത്തു സുരക്ഷിതത്വവും സമാധാനവും ഉറപ്പു വരുത്തുന്ന പക്ഷം വിശ്വാസി സമൂഹം സ്വദേശത്ത് മടങ്ങിയെത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മതന്യൂനപക്ഷങ്ങൾ നേരിടുന്ന വിവേചനവും വർദ്ധിച്ചു വരുന്നതായും ഖോരി വിലയിരുത്തി. ഇറാഖിൽ നിരവധി സാമ്പത്തിക സഹായം വിതരണം ചെയ്യുന്നുവെങ്കിലും ക്രൈസ്തവർ കടുത്ത അവഗണന നേരിടുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ബാഷിഖ എന്ന പ്രദേശത്തും സ്ഥിതി സമാനമാണെന്ന് ഫാ.ബോളിസ് അഫ്രിമ് എന്ന വൈദികന്‍ വെളിപ്പെടുത്തി. എഴുനൂറോളം കുടുംബങ്ങൾ പ്രദേശത്ത് നിന്നും ഇതിനോടകം പലായനം ചെയ്തിട്ടുണ്ട്.

More Archives >>

Page 1 of 348