News - 2025

ക്രൈസ്തവ സമൂഹത്തിന്റെ പാരമ്പര്യത്തില്‍ രാജ്യം അഭിമാനം കൊള്ളുന്നു: രാഷ്ട്രപതി രാംനാഥ് കോവിന്ദ്

സ്വന്തം ലേഖകന്‍ 08-08-2018 - Wednesday

തൃശൂര്‍: ക്രൈസ്തവ സമൂഹത്തിന്റെ ചരിത്രത്തിലും പാരമ്പര്യത്തിലും രാജ്യം അഭിമാനം കൊള്ളുന്നുവെന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സെന്റ് തോമസ് കോളജിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം എന്നീ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ക്കു പിന്നില്‍ ക്രൈസ്തവ സമുദായത്തിന്റെ സേവനങ്ങളാണെന്നും കേരളത്തിലെ ക്രൈസ്തവ സമൂഹം ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെതന്നെ ഏറ്റവും പുരാതനമായ സമുദായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹത്തായദൗത്യമാണു സെന്റ് തോമസ് കോളജ് നിര്‍വഹിക്കുന്നത്. സമൂഹത്തെ ജ്ഞാനികളാക്കി രാഷ്ട്രനിര്‍മിതിയില്‍ പങ്കാളികളാകുന്ന ഈ ദൗത്യം തുടരണം. വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥ മൂല്യം പരീക്ഷകളിലും ബിരുദങ്ങളിലുമല്ല. ഇല്ലാത്തവരെ സഹായിക്കാനും പങ്കുവയ്ക്കാനുമാണു നാം പഠിക്കേണ്ടത്. കോളേജിനു സാരഥ്യമേകുന്ന കത്തോലിക്കാസഭയെ അഭിനന്ദിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം എന്നീ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ക്കു പിന്നില്‍ ക്രൈസ്തവ സമുദായത്തിന്റെ സേവനങ്ങളാണ്.

അടുത്തിടെ എത്യോപ്യയിലേക്കു പോയപ്പോള്‍ അമ്പതു വര്‍ഷംമുമ്പ് അവര്‍ക്കു വിദ്യാഭ്യാസം പകര്‍ന്നു നല്‍കിത് ഇന്ത്യന്‍ അധ്യാപകരാണെന്നു നന്ദിയോടെ അവര്‍ പറഞ്ഞു. ആ അധ്യാപകരില്‍ ഏറെപ്പേരും കേരളത്തില്‍ നിന്നുള്ള ക്രൈസ്തവരാണ്. പൊതുസമൂഹത്തിനും രാജ്യത്തിനും കോളജ് നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. അടുത്ത നൂറു വര്‍ഷത്തേക്കു മികച്ച സേവനങ്ങള്‍ ചെയ്യാനുള്ള അടിത്തറയാണത്. തൃശൂരിന്റെ പ്രഥമമെത്രാന്‍ ഡോ. അഡോള്‍ഫ് മെഡ്ലിക്കോട്ട് 1889ല്‍, താമസിക്കാന്‍ ബിഷപ്‌സ്ഹൗസ് നിര്‍മിക്കാതെയാണ് സ്‌കൂളും കോളജും നിര്‍മിച്ചതെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുസ്മരിച്ചു.

ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം അധ്യക്ഷത വഹിച്ചു. കോളജിന്റെ രക്ഷാധികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മന്ത്രി വി.എസ്. സുനില്‍കുമാര്‍, സി.എന്‍. ജയദേവന്‍ എംപി, മേയര്‍ അജിത ജയരാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ശതാബ്ദിയോടനുബന്ധിച്ച് തപാല്‍ വകുപ്പ് പുറത്തിറക്കുന്ന തപാല്‍ കവറിന്റെ പ്രകാശനം രാഷ്ട്രപതി നിര്‍വഹിച്ചു. ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ശാരദ സമ്പര്‍ക്ക് ആദ്യ കോപ്പി സ്വീകരിച്ചു. അതിരൂപതാ സഹായമെത്രാനും കോളജിന്റെ മാനേജറുമായ മാര്‍ ടോണി നീലങ്കാവില്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ ഡോ. ഇഗ്‌നേഷ്യസ് ആന്റണി നന്ദിയും പറഞ്ഞു.

More Archives >>

Page 1 of 349