News - 2024

കോപ്റ്റിക് ബിഷപ്പിന്റെ കൊലപാതകം: ആശങ്ക ഒഴിയാതെ ക്രൈസ്തവ സമൂഹം

സ്വന്തം ലേഖകന്‍ 08-08-2018 - Wednesday

കെയ്റോ: ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയുടെ വടക്ക് പടിഞ്ഞാറൻ ഭാഗത്തുള്ള മരുഭൂമിയിലെ ആശ്രമത്തിൽ കോപ്റ്റിക് ബിഷപ്പ് കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതകള്‍ ബാക്കി. കൊലപാതകം നടന്നു പത്തു ദിവസങ്ങള്‍ പിന്നിട്ടും പ്രതികളെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ നാനൂറോളം പേരെ ഇതിനോടകം ചോദ്യം ചെയ്തുവെന്നാണ് ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്നു ആശങ്കയോടെയാണ് രാജ്യത്തെ ക്രൈസ്തവ സമൂഹം കഴിയുന്നത്. ബഹിറ പ്രവിശ്യയിലെ അൻബ മകർ ആശ്രമത്തിന്റെ അധ്യക്ഷനായ ബിഷപ്പ് എപ്പിഫാനിയൂസ് ജൂലൈ 29 ഞായറാഴ്ചയാണ് കൊല്ലപ്പെട്ടത്. ശിരസ്സില്‍ നിന്നു രക്തം വാര്‍ന്ന നിലയിലാണ് ബിഷപ്പിനെ കണ്ടെത്തിയത്.

ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ രൂക്ഷമായ ഈജിപ്തില്‍ ബിഷപ്പിന്റെ ദാരുണ മരണം വിശ്വാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്നു കോപ്റ്റിക് ആശ്രമങ്ങളിലേക്കുള്ള പ്രവേശനം സഭ താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. 2016 ഡിസംബർ മുതൽ ഈജിപ്ഷ്യൻ ക്രൈസ്തവർക്ക് നേരെ ആക്രമണം രൂക്ഷമാണ്. ഇതുവരെ ബോംബേറിലും വെടിവെയ്പിലും മറ്റ് ആക്രമണങ്ങളിലും നൂറുകണക്കിന് ക്രൈസ്തവ വിശ്വാസികളാണ് രാജ്യത്തു കൊല്ലപ്പെട്ടത്. മദ്ധ്യ കിഴക്കൻ ദേശത്തെ ഏറ്റവും വലിയ ക്രൈസ്തവ സാന്നിദ്ധ്യമായ ഈജിപ്തിലെ കോപ്റ്റിക്ക് ഓർത്തഡോക്സ് സഭയ്ക്കു കീഴില്‍ പതിനഞ്ച് മില്യണിന് അടുത്ത് വിശ്വാസികളാണുള്ളത്.

More Archives >>

Page 1 of 349