News - 2025
സിറിയയിലെ ഇസ്ലാം മത വിശ്വാസികള്‍ കൂട്ടത്തോടെ ക്രൈസ്തവ വിശ്വാസത്തിലേക്ക്
സ്വന്തം ലേഖകന്‍ 17-04-2019 - Wednesday
കോബാനിയ: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കൈവശപ്പെടുത്തിയിരിന്ന സിറിയന്‍ ഗ്രാമത്തില്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്. തീവ്രവാദികളിൽ നിന്നും മോചിപ്പിക്കപ്പെട്ട സിറിയയിലെ ഗ്രാമമായ കോബാനിയയിൽ നിന്നാണ് വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. യുദ്ധത്തിലെ അനുഭവങ്ങളും, ഇസ്ലാം മതവിശ്വാസത്തിന്റെ പേരിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ നടത്തുന്ന കൂട്ടക്കുരുതിയുമാണ് തങ്ങളെ ക്രൈസ്തവ വിശ്വാസം സ്വീകരിക്കാൻ പ്രേരിപ്പിച്ചതെന്നു ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവര്‍ ഒന്നടങ്കം പറയുന്നു. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സിറിയ തുർക്കി അതിർത്തിയിൽ കോബാനിയയിലെ ആദ്യത്തെ ഇവാഞ്ചലിക്കൽ ദേവാലയം കഴിഞ്ഞവർഷം തുറന്നിരുന്നു. യുദ്ധത്തിനുശേഷം ആളുകൾ ഇസ്ലാമിൽ നിന്ന് അകന്ന് സത്യത്തിന്റെ പാത തേടുകയായിരുന്നുവെന് കോബാനിയയിൽ ഇവാഞ്ചലിക്കൽ ദേവാലയം ആരംഭിച്ച ഒമർ ഫിറാസ് പറഞ്ഞു. ദേവാലയത്തിലെ വചന പ്രഘോഷകനായ സാനി ബക്കീറും ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം പുൽകിയ ആളാണ്. നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പ് 2015ൽ പ്രദേശത്തുനിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ അമേരിക്കയും കുർദിഷ് പോരാളികളും ചേർന്ന് തുരത്തിയിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റ് സിറിയയില്‍ ആധിപത്യം നേടിയ സമയത്ത് അതിദാരുണമായ വിധത്തിലാണ് ക്രൈസ്തവര്‍ പീഡകള്‍ ഏറ്റുവാങ്ങിയത്. ഇതേ തുടര്‍ന്നു പതിനായിരകണക്കിന് ക്രൈസ്തവരാണ് സമീപ രാജ്യമായ ലെബനോനിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും പലായനം ചെയ്തത്. സാമ്പത്തികമായ നേട്ടങ്ങൾക്കു വേണ്ടിയാണ് ആളുകൾ ക്രൈസ്തവ വിശ്വാസത്തിലേക്ക് പോകുന്നതെന്ന് ഇസ്ലാമിൽ ഉള്ളവർ പറയുന്നുണ്ടെങ്കിലും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവർ ഇത് പൂർണമായും തള്ളിക്കളയുകയാണ്.