News - 2025

ഈസ്റ്ററിന് യേശുവിനെ രക്ഷകനായി സ്വീകരിക്കാന്‍ കംബോഡിയയില്‍ നിന്ന് മുന്നൂറോളം പേര്‍

സ്വന്തം ലേഖകന്‍ 18-04-2019 - Thursday

കംബോഡിയ: ഈസ്റ്ററിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനായിരങ്ങള്‍ കത്തോലിക്ക വിശ്വാസം പുല്‍കാനിരിക്കെ യേശുവിനെ രക്ഷകനായി സ്വീകരിക്കാന്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ കംബോഡിയയില്‍ നിന്നുള്ളവരും ഒരുങ്ങി. വളരെ കുറച്ച് കത്തോലിക്ക വിശ്വാസികൾ മാത്രമുള്ള ചെറിയ രാജ്യമായ കംബോഡിയയിൽ ഈസ്റ്റർ ദിവസം 294 പേരാണ് ജ്ഞാനസ്നാനത്തിലൂടെ പരിശുദ്ധ കത്തോലിക്ക സഭയിൽ അംഗങ്ങളാകുക. കംബോഡിയയുടെ തലസ്ഥാനമായ ഫ്നോം പെനിൽ മാത്രം 154 പേർ മാമ്മോദിസ സ്വീകരിക്കും.

ഫ്നോം പെനിലെ അപ്പസ്തോലിക വികാരി പദവി വഹിക്കുന്ന മോൺസിഞ്ഞോർ ഒലിവർ മൈക്കിൾ മേരി ഷ്മിറ്റൂസ്ലറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എൺപതോളം പ്രാദേശിക വൈദികർ പങ്കെടുത്ത വിശുദ്ധ കുർബാന മധ്യേ മാമ്മോദിസ സ്വീകരിച്ചവരുടെയും, അയക്കപ്പെടുന്നവരുടെയും നിയോഗമനുസരിച്ച് ജീവിതം നയിക്കാൻ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. 2019 ഒക്ടോബർ മാസത്തെ അസാധാരണമായ മിഷൻ മാസമായി ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചിരുന്നു. ഈ മാസത്തിന്റെ പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു മോൺസിഞ്ഞോർ ഷ്മിറ്റൂസ്ലർ നടത്തിയ സന്ദേശം.

തങ്ങൾ ഒരുപാട് ശക്തമായ സമൂഹമല്ലെങ്കിലും വിശ്വാസികളായ എല്ലാവരും അപ്പസ്തോലന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുവിശേഷം പ്രസംഗിച്ചില്ലെങ്കിൽ എനിക്ക് ദുരിതം എന്ന പൗലോസ് അപ്പസ്തോലന്റെ പ്രസിദ്ധമായ വാക്യം മോൺസിഞ്ഞോർ ഷ്മിറ്റൂസ്ലർ വിശ്വാസി സമൂഹത്തെ ഓർമിപ്പിച്ചു. മാമ്മോദിസ സ്വീകരിക്കാൻ ആളുകൾ മുന്നോട്ടുവന്നത് മനുഷ്യനെക്കാളും ദൈവത്തിന്റെ പ്രവർത്തിയാണ്. പരിശുദ്ധ കത്തോലിക്കാ സഭ രണ്ടായിരം വർഷം പഴക്കം ഉള്ളതാണെന്നും ആഴമായ വേരുകളുള്ള സഭ നമ്മളുടെ ഇന്നത്തെയും മുമ്പോട്ടുള്ള ജീവിതത്തെയും പോഷിപ്പിക്കുമെന്നും ഓർമ്മപ്പെടുത്തിയാണ് മോണ്‍. ഷ്മിറ്റൂസ്ലർ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

More Archives >>

Page 1 of 439