News - 2025
നോട്രഡാം കത്തീഡ്രലിന് റഷ്യന്‍ പ്രസിഡന്റിന്റെ സഹായ വാഗ്ദാനം
സ്വന്തം ലേഖകന്‍ 17-04-2019 - Wednesday
മോസ്കോ: ഫ്രഞ്ച് ചരിത്രത്തിന്റെ പ്രതീകമായ പാരീസിലെ നോട്രഡാം കത്തീഡ്രലിന്റെ പുനര്‍നിര്‍മ്മാണത്തിനു വേണ്ട സഹായം വാഗ്ദാനം ചെയ്തു റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുടിന്‍. സാംസ്കാരിക-പൈതൃക സ്മാരകങ്ങളുടെ പുനരുദ്ധാരണത്തില്‍ ഏറെ അനുഭവസമ്പത്തുള്ള റഷ്യന്‍ വിദഗ്ദരെ വിട്ടുതരാമെന്നും പുടിന്‍, ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിനെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചരിത്ര പ്രസിദ്ധമായ ദേവാലയം കത്തിനശിച്ചതിന് പിന്നാലെയാണ് റഷ്യന്‍ പ്രസിഡന്‍റ് പൂര്‍ണ്ണ സഹായം വാഗ്ദാനം ചെയ്തു രംഗത്തെത്തിയത്. പ്രസിഡന്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ ക്രെംലിനില്‍ ഫ്രഞ്ച് പ്രസിഡന്റിനായി പ്രസിദ്ധീകരിച്ച സന്ദേശത്തിലൂടെയായിരുന്നു പുടിന്റെ സഹായ വാഗ്ദാനം.
പ്രധാനപ്പെട്ട ക്രിസ്ത്യന്‍ തിരുശേഷിപ്പുകള്‍ അടങ്ങുന്ന ദേവാലയങ്ങളിലൊന്നായ ഇവിടെ കഴിഞ്ഞ രാത്രിയില്‍ ഉണ്ടായ ദുരന്തത്തിന്റെ വേദനയുടെ മാറ്റൊലി റഷ്യന്‍ ഹൃദയങ്ങളിലും ഉണ്ടെന്നും പുടിന്‍ സന്ദേശത്തില്‍ കുറിച്ചു. ഫ്രാന്‍സിനെ മാത്രമല്ല ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ച സംഭവമായിരുന്നു 850 വര്‍ഷങ്ങളുടെ പഴക്കമുള്ള പാരീസിലെ നോട്രഡാം കത്തീഡ്രല്‍ ദേവാലയത്തിലെ അഗ്നിബാധ. നാനൂറിലധികം അഗ്നിശമനസേനാംഗങ്ങളുടെ കഠിനമായ പരിശ്രമത്തിനൊടുവിലാണ് ഭയാനകമായ തീ നിയന്ത്രണത്തിലാക്കുവാന്‍ സാധിച്ചത്. തീപിടുത്തത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളെക്കുറിച്ചുള്ള അന്വോഷണം നടന്നുവരികയാണ്.