News - 2024

രണ്ടാം ഘട്ടം: തിരുക്കല്ലറയുടെ പുനരുദ്ധാരണത്തിനു ഏകമനസ്സോടെ ക്രൈസ്തവ സഭകൾ

സ്വന്തം ലേഖകന്‍ 29-05-2019 - Wednesday

ജറുസലേം: യേശുവിന്റെ ശരീരം അടക്കിയതെന്ന് കാലാകാലങ്ങളായി വിശ്വസിക്കപ്പെടുന്ന ഇസ്രായേലിൽ സ്ഥിതിചെയ്യുന്ന തിരുകല്ലറ ദേവാലയത്തിന്റെ രണ്ടാംഘട്ട പുനരുദ്ധാരണ പദ്ധതികൾക്കായുള്ള ഉടമ്പടിയിൽ ഒപ്പുവച്ചു. തിരുക്കല്ലറ ദേവാലയത്തിനു മേൽ അധികാരമുള്ള വിവിധ ക്രൈസ്തവ സഭകളാണ് ഉടമ്പടിയിൽ ഒപ്പുവച്ചത്. പുനരുദ്ധാരണത്തെ പറ്റി പദ്ധതി തയ്യാറാക്കി അതിൽ ഒപ്പുവെയ്ക്കാൻ സാധിച്ചതിൽ സംയുക്ത പ്രസ്താവനയില്‍ സന്തോഷം രേഖപ്പെടുത്തി. പുനരുദ്ധാരണ പ്രവർത്തനങ്ങൾ രണ്ട് ഘട്ടമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിലുള്ള അടിത്തറയുടെ സാഹചര്യം ആഴത്തില്‍ പഠനവിധേയമാക്കിയതിന് ശേഷം മാത്രമേ വിശദമായ രൂപരേഖയിലേക്ക് പ്രവേശിക്കൂ.

കഴിഞ്ഞ തവണത്തെ പുനരുദ്ധാരണത്തിന് നേതൃത്വം നല്‍കിയ ശാസ്ത്ര പഠന സ്ഥാപനങ്ങളുടെ സഹായത്തോടെയാകും രണ്ടാം ഘട്ട പുനരുദ്ധാരണ പ്രവർത്തനവും. നേരത്തെ ആദ്യഘട്ടത്തില്‍ ദേവാലയത്തിനുളളിൽ സ്ഥിതി ചെയ്യുന്ന ചാപ്പലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനൾ എക്യുമെനിക്കൽ സമ്മേളനത്തോടു കൂടി 2017 മാർച്ച് ഇരുപത്തിരണ്ടിനാണ് അവസാനിച്ചത്. അതിനായുള്ള കരാർ ഒപ്പുവെച്ചത് 2016 മാർച്ച് മാസമായിരുന്നു.

പത്തു മാസം നീണ്ട ആദ്യഘട്ട പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ഗ്രീസിൽ നിന്നും എത്തിയ സംഘമായിരിന്നു. 3.3 ദശലക്ഷം ഡോളര്‍ ചിലവിട്ടാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇക്കഴിഞ്ഞ നവംബറില്‍ ജോർദാൻ രാജാവിനു ലഭിച്ച ടെമ്പിൾടൺ അവാർഡിൽ നിന്നുളള തുകയുടെ ഒരു ഭാഗം തിരുക്കല്ലറ ദേവാലയത്തിന്റെ പുനർനിർമ്മാണത്തിനായി കൈമാറിയിരിന്നു. ആദ്യഘട്ടത്തിലെ പുനരുദ്ധാരണത്തിനും അദ്ദേഹം സഹായവുമായി രംഗത്തെത്തിയിരിന്നു.

More Archives >>

Page 1 of 454