News - 2024

കുരിശ് തകര്‍ത്തു, ദേവാലയം അടച്ചുപൂട്ടി: ക്രൈസ്തവ വളര്‍ച്ചയില്‍ വിറളിപൂണ്ട് ഇറാന്‍ ഭരണകൂടം

സ്വന്തം ലേഖകന്‍ 29-05-2019 - Wednesday

ടെഹ്‌റാന്‍: തീവ്ര ഇസ്ലാമിക രാജ്യമായ ഇറാനില്‍ നൂറു വര്‍ഷങ്ങള്‍ പഴക്കമുള്ള അസ്സീറിയന്‍ ദേവാലയം ഇറാനിയന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ അടച്ചുപൂട്ടി. ദേവാലയ ഗോപുരത്തിലെ കുരിശ് നീക്കം ചെയ്ത അധികൃതര്‍ കാവല്‍ക്കാരനോട് ദേവാലയം വിട്ടുപോകുവാന്‍ ആവശ്യപ്പെടുകയും ചെയ്തതായി അസ്സീറിയന്‍ ഇന്റര്‍നാഷണല്‍ ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ ഉണ്ടായ ഗണ്യമായ വളര്‍ച്ചയാണ് അടച്ചുപൂട്ടലിന്റെ കാരണമായി വിലയിരുത്തപ്പെടുന്നത്.

മിനിസ്ട്രി ഓഫ് ഇന്റലിജന്‍സ് പ്രതിനിധികളും, എക്സിക്യൂഷന്‍ ഓഫ് ഇമാം ഖൊമേനീസ് ഓര്‍ഡര്‍ (EIKO) പ്രതിനിധികളും അടങ്ങിയ ഒരു സംഘം മെയ് ആദ്യവാരത്തോടെ ടാബ്രിസിലെ അസ്സീറിയന്‍ ദേവാലയത്തിലെത്തുകയും, ദേവാലയ ഗോപുരത്തിലെ കുരിശ് മാറ്റിയതിനുശേഷം മറ്റൊരു താഴിട്ട് അടച്ചു പൂട്ടുകയുമാണ് ഉണ്ടായതെന്ന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ദേവാലയ പരിസരത്ത് ചില നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിച്ച അധികാരികള്‍ കാവല്‍ക്കാരനെ ഭീഷണിപ്പെടുത്തിയാണ് ദേവാലയ പരിസരത്ത് നിന്നും മാറ്റിയത്.

ദേശീയ പൈതൃക പട്ടികയിലുള്‍പ്പെടുന്ന ഈ ദേവാലയം 2011-ലെ റെവല്യൂഷണറി കോടതി ഉത്തരവിനെ തുടര്‍ന്ന്‍ സര്‍ക്കാര്‍ കയ്യടക്കുകയായിരുന്നു. എന്നാല്‍ വിശ്വാസികള്‍ക്ക് ഇവിടെ ആരാധനകള്‍ നടത്തുവാനുള്ള അനുവാദമുണ്ടായിരുന്നു. അതേസമയം ഇറാനില്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലായെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇറാനിലെ പ്രൊട്ടസ്റ്റന്റ് സഭയുടെ കീഴിലുള്ള നിരവധി ദേവാലയങ്ങളാണ് സര്‍ക്കാര്‍ അന്യായമായി കയ്യടക്കി വെച്ചിരിക്കുന്നത്. ഉപയോഗശ്യൂന്യമായി കിടക്കുന്ന ഈ ദേവാലയങ്ങള്‍ ജീര്‍ണ്ണിച്ച് നശിക്കുകയോ അല്ലെങ്കില്‍ തകര്‍ക്കപ്പെടുകയോ ആണ് ചെയ്യുന്നത്.

കടുത്ത ഇസ്ലാമിക രാഷ്ട്രമായ ഇറാനില്‍ ഒരു ക്രിസ്ത്യാനിയായി ജീവിക്കുന്നത് അപകടമാണെന്നാണ് പറയപ്പെടുന്നത്. തങ്ങളുടെ അയല്‍വക്കത്തുള്ള മുസ്ലീംങ്ങളുമായി വിശ്വാസം പങ്കുവെക്കുന്നതും, ഇറാന്റെ ദേശീയ ഭാഷയായ പേര്‍ഷ്യന്‍ ഭാഷയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനും രാജ്യത്തു വിലക്കുണ്ട്. ഇറാനില്‍ ക്രൈസ്തവ വിശ്വസം അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇറാനിയന്‍ ഇന്റലിജന്‍സ് മിനിസ്റ്റ്റായ മഹമൂദ് അലാവി പരസ്യമായി സമ്മതിച്ചതിന്റെ പിന്നാലെയാണ് ടാബ്രിസ്സിലെ ദേവാലയം അടച്ചുപൂട്ടിയതെന്ന കാര്യം ശ്രദ്ധേയമാണ്.

More Archives >>

Page 1 of 455